തന്റെ മുടിയില്‍ ചെയ്ത മാറ്റങ്ങളെ കുറിച്ച് സംസാരിച്ച് ബേസില്‍ ജോസഫ്. ഏപ്രില്‍ 10ന് റിലീസിന് ഒരുങ്ങുന്ന ‘മരണമാസ്’ എന്ന ചിത്രത്തിലെ ബേസിലിന്റെ ലുക്ക് വൈറലായിരുന്നു. മുടിയില്‍ കളര്‍ ചെയ്ത ബേസിലിന്റെ ലുക്ക് ട്രെന്‍ഡിങ് ആയിരുന്നു. കളര്‍ ചെയ്തതിനെ കുറിച്ച് ബേസില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ തല മഴവില്ല് അഴകില്‍ ആക്കാനായിരുന്നു അണിയറപ്രവര്‍ത്തകരുടെ ശ്രമം എന്നാണ് ബേസില്‍ പറയുന്നത്.
”പല കളര്‍ മുടി അടിക്കണം എന്നൊക്കെ പറഞ്ഞ് ഇരിക്കുകയായിരുന്നു, പിങ്ക്, പര്‍പ്പിള്‍, പച്ച എന്നൊക്കെ പറഞ്ഞിട്ട്. അഞ്ച് കളര്‍ ഒരു പാട്ടിനകത്ത്. മറ്റേ പാട്ടില്‍ ശോഭനയുടെ സാരിയുടെ കളര്‍ മാറുന്നത് പോലെ എന്റെ മുടിയ കളര്‍ മാറ്റാന്‍. അങ്ങനെയൊക്കെയുള്ള പ്ലാന്‍ ആയിരുന്നു. മഴവില്‍ അഴകില്‍. പക്ഷെ എന്താണെന്ന് വച്ചാല്‍ എന്റെ മുടിയില്‍ ആണല്ലോ ഇത് ചെയ്യുന്നത്.”
”ഇവന്‍മാര്‍ക്കൊന്നും ഒരു കുഴപ്പമില്ല. മുടിയില്‍ കളര്‍ അടിക്കുമ്പോള്‍ കെമിക്കല്‍സ് ആണല്ലോ, മുടിയുടെ ടെക്‌സ്ചര്‍ ഒക്കെ മാറും. ശരിക്കും നല്ല ഇടതൂര്‍ന്ന മുടിയായിരുന്നു എന്റേത്” എന്നാണ് ഒരു അഭിമുഖത്തിനിടെ പറയുന്നത്. അതേസമയം, ടൊവിനോ തോമസ് നിര്‍മ്മിക്കുന്ന മരണമാസ് നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം ചെയ്യുന്നത്.
വാഴ, ഗുരുവായൂരമ്പലനടയില്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.







