കേരളീയം? ഇത് ഇത്തിരി കൂടിപ്പോയി.. കരയുന്ന കുഞ്ഞിനും പാലില്ലാത്ത അവസ്ഥ; തന്റെ സിനിമകളോട് അനീതി; പ്രതികരിച്ച് ബാലചന്ദ്ര മേനോന്‍

കേരളീയം മേളയില്‍ തന്റെ സിനിമകള്‍ ഉള്‍പ്പെടുത്താതിനെ വിമര്‍ശിച്ച് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍. മലയാള സിനിമയുടെ വളര്‍ച്ച കാണിക്കുന്ന ചിത്രങ്ങളാണ് കേരളീയം മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ നാലര പതിറ്റാണ്ടായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ ചിത്രങ്ങള്‍ ഇല്ലെന്നത് വിഷമം ഉണ്ടാക്കിയെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നത്. ഇന്ന് കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന് എല്ലാവര്‍ക്കും അറിയാം. കരഞ്ഞിട്ടും പാല് കിട്ടുന്നില്ല എന്നാണ് ബാലചന്ദ്ര മേനോന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

ബാലചന്ദ്ര മേനോന്റെ വാക്കുകള്‍:

ഞാന്‍ ഏതാണ്ട് നാലര പതിറ്റാണ്ടായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ സിനിമയും കഥയും തിരക്കഥയും സംവിധാനവും ഒക്കെയായി ചെയ്തതാണ്. എനിക്ക് നിങ്ങള്‍ നല്ല അവസരങ്ങള്‍ തന്നു അതില്‍ നന്ദിയുണ്ട്. ഇത്രയുമൊക്കെ ചെയ്തിട്ട് മലയാള സിനിമയുടെ പരിച്ഛേദം കാണിക്കുന്ന ഒരു മേളയില്‍, മലയാള സിനിമയില്‍ കഴിഞ്ഞുപോയ കാലത്ത് വന്ന സിനിമകളുടെ ലിസ്റ്റ് വന്നപ്പോള്‍ അതില്‍ എന്റെ ഒരു സിനിമയുടെ പോലും പ്രാതിനിധ്യം ഇല്ല. ചില സംവിധായകരുടെ രണ്ടു പടങ്ങള്‍ ഉണ്ട്. തിയറ്ററില്‍ അധികം ഓടാത്ത പടങ്ങളുണ്ട് അതില്‍. ഇത്രയും നാളുകൊണ്ട് മലയാളികളുടെ മനസ്സില്‍ എന്റേതായ ഒരു സിനിമാ സംസ്‌കാരം പ്രകടിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് ആള്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടും ഉണ്ട്. അങ്ങനെയുള്ള എന്റെ ഒരു സിനിമ പോലും ഇല്ല എന്ന് കണ്ടപ്പോള്‍ മിണ്ടാതെ പോകാന്‍ തോന്നിയില്ല.

കാരണം ഇക്കാലത്ത് കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന് എല്ലാവര്‍ക്കും അറിയാം. കരഞ്ഞിട്ടും പാല് കിട്ടുന്നില്ല. അതാണ് ഇവിടുത്തെ അവസ്ഥ. കിട്ടുന്ന പാലിന്റെ പരിഗണന മറ്റു പലതുമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. നമ്മള്‍ ഇതെല്ലാം അറിഞ്ഞിരിക്കണം. നമ്മള്‍ ജീവിച്ചിരിക്കെ ഇങ്ങനെ എല്ലാം സംഭവിക്കുമ്പോള്‍ അത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. എന്റെ സിനിമകളിലൂടെ ഞാന്‍ ഉണ്ടാക്കിയ ഒരു പ്രേക്ഷക വൃന്ദമുണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഈ വിഡിയോ. അവര്‍ തിയറ്ററില്‍ ഡാന്‍സ് ചെയ്യുന്നില്ല എന്നേയുള്ളൂ. വര്‍ഷങ്ങളായി എന്റെ പ്രേക്ഷകരാണ് അവര്‍.

1980 ല്‍ ഇറങ്ങിയ ഒരു പടത്തെപ്പറ്റി ഇപ്പോള്‍ പോലും ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി ചോദിച്ചാല്‍ ‘എനിക്കറിയാം’ എന്നു പറയുന്ന ഒരു പ്രേക്ഷക വൃന്ദം. അവരെ അവഹേളിക്കുന്ന കാര്യമാണ് ഇത്. അല്ലാതെ ബാലചന്ദ്ര മേനോന്റെ സിനിമ ഇല്ലെങ്കിലും ചലച്ചിത്ര മേളയ്ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. നീതി പുലര്‍ത്തണമായിരുന്നു. അല്ലെങ്കില്‍ അതില്‍ ഉള്ള പടങ്ങള്‍ എല്ലാം നമുക്ക് മീതെ ഉള്ളതായിരിക്കണം. ഒരു ഷോ പോലും നേരെ നടക്കാത്ത പടങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നവംബര്‍ ഒന്നാം തീയതി ആയിട്ട് പൊങ്ങച്ചം പറയുകയാണ് എന്ന് ധരിക്കരുത്. പക്ഷേ പൊങ്ങച്ചം പറയാന്‍ ബാധ്യസ്ഥനാകുകയാണ്. ‘സമാന്തരങ്ങള്‍’ മാത്രം എടുത്തു നോക്കൂ, സഖാവ് നായനാര്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എനിക്ക് അതിന് അവാര്‍ഡ് തന്നത് വിവിധ മേഖലകളില്‍ പുലര്‍ത്തിയ മികവിനാണ്. കേന്ദ്രത്തില്‍ വന്നപ്പോള്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. സമാന്തരങ്ങളില്‍ പത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഒറ്റയ്ക്ക് ചെയ്തത്. അങ്ങനെ ഒരു റെക്കോര്‍ഡ് വേറെ ആര്‍ക്കും ഇല്ല. ഇതൊക്കെ എനിക്ക് പറയേണ്ടി വന്നതില്‍ വിഷമമുണ്ട്. അത്രയൊക്കെ വന്ന ഒരു സിനിമയ്ക്ക് ഇവരുടെ കൂട്ടത്തില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ല എന്ന പറഞ്ഞ മാന്യന് ഒരു ഉത്തരം തരാന്‍ ജനാധിപത്യപരമായി ബാധ്യതയുണ്ട്.

സ്ത്രീപക്ഷ സിനിമയായി ‘അച്ചുവേട്ടന്റെ വീട്’, തമാശ പറയുകയാണെങ്കില്‍ ‘ചിരിയോ ചിരി’ എന്നിവയൊക്കെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു. അതിനു ശേഷമാണ് നാടോടിക്കാറ്റ് ഒക്കെ വരുന്നത്. ഏപ്രില്‍ മാസം എന്നു പറഞ്ഞാല്‍ സിനിമ ഇഷ്ടപ്പെടുന്നവര്‍ അറിയാതെ ‘ഏപ്രില്‍ 18’ എന്ന് പറഞ്ഞുപോകും. അപ്പൊ ഇതൊന്നും ജനപ്രീതി ഉള്ള സിനിമയല്ലേ? എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ തീരുമാനം എടുത്തിട്ടുള്ള ചലച്ചിത്ര ഗ്രമേറിയന്‍ ആരാണെങ്കിലും അത് നീതിക്ക് നിരക്കാത്ത പ്രവൃത്തിയാണ്. വേറെ വാക്കുകള്‍ ഉണ്ട്, ഞാന്‍ സഭ്യമായി പറയുന്നു എന്നെ ഉള്ളൂ. എന്റെ പ്രേക്ഷകരെ അങ്ങനെ അടിച്ചാക്ഷേപിക്കാന്‍ പാടില്ലായിരുന്നു.

സംവിധായകന്‍ മോഹന്റെയും ഒരു പടവും കണ്ടില്ല അതില്‍. മോഹന്‍ നല്ല പടങ്ങള്‍ എടുത്തിട്ടുള്ള ആളല്ലേ. അനീതിയല്ലേ ആ കാണിക്കുന്നത്. മികച്ച ഫിലിം എന്നൊന്നും പറയേണ്ട, പ്രാതിനിധ്യം ആണ് ഉദേശിച്ചത്. കൂട്ടത്തില്‍ ഞങ്ങളെയും ഒന്ന് ഇരുത്തേണ്ടേ. ഏമാന്മാര്‍ അങ്ങ് തീരുമാനിച്ചാല്‍ എങ്ങനെയാ. ഏമാന്മാര്‍ അങ്ങനെ പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കുമോ. ഇത് എന്തുകൊണ്ട് എന്നു ചോദിക്കാന്‍ ഒരു പൗരന്‍ എന്ന നിലയില്‍ എനിക്ക് ജനാധിപത്യമായി അവകാശമുണ്ട്. ഇത് ചെയ്തവര്‍ ആരായാലും ഉത്തരവാദികള്‍ തന്നെയാണ്. കെഎസ്എഫ്ഡിസി, ചിത്രാഞ്ജലി, ചലച്ചിത്ര അക്കാദമി ഇവിടെ എല്ലാം ഇരിക്കുന്നവര്‍ എന്റെ സുഹൃത്തുക്കളാണ്. എനിക്ക് അവരുമായി ഒരു പ്രശ്‌നവും ഇല്ല.

ഞാന്‍ സിനിമ ചെയ്യുന്ന കാലത്ത് കെഎസ്എഫ്ഡിസിയുടെ അവസ്ഥ എന്താണെന്ന് ഇപ്പോള്‍ ഇരിക്കുന്നവരില്‍ പലര്‍ക്കും അറിയില്ല. അവര്‍ ബുദ്ധിമുട്ടുന്ന സമയത്താണ് എന്റെ സിനിമകള്‍ വരുന്നത്. അതെല്ലാം ഒരുപാട് ഓടിയ ചിത്രങ്ങളാണ്. എന്തുമാത്രം റെവന്യൂ ആണ് എന്റെ ചിത്രങ്ങളിലൂടെ ചിത്രാഞ്ജലിക്ക് കൊടുത്തത്. കണക്കുകള്‍ എടുത്തു നോക്കട്ടെ. ആ രീതിയില്‍ സര്‍ക്കാരിന്റെ കരങ്ങള്‍ക്ക് ശക്തി പകര്‍ന്ന ചലച്ചിത്രകാരനാണ് ഞാന്‍. അവിടെത്തന്നെയാണ് സമാന്തരങ്ങള്‍ എടുത്തത്. ചിത്രാഞ്ജലിയില്‍നിന്നു പോയിട്ടാണ് അത് ദേശീയ അവാര്‍ഡ് വാങ്ങിയത്. അപ്പോള്‍ ചിത്രാഞ്ജലിയുടെ പ്രസ്റ്റീജ് ഫിലിം അല്ലെ അത്. എന്തുകൊണ്ട് അതിനെ ഉള്‍പ്പെടുത്തിയില്ല.

നിലവാരം ഇല്ലാത്ത പടമാണോ അത്, ഉത്തരം തരണം. തെറ്റാണ്, അധര്‍മമാണ് ആ കാണിച്ചത് അല്ലെങ്കില്‍ ജനങ്ങള്‍ പറയട്ടെ. അതില്‍ പറഞ്ഞ വിഷയം എന്താണ്? റയില്‍വേ എന്ന, രാജ്യത്തിന്റെ ഞരമ്പുകളില്‍ രക്തയോട്ടം നിലയ്ക്കാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞതാണോ തെറ്റ് ? കുടുംബം ആണ് എല്ലാത്തിന്റെയും ആധാരം. അതിനെ സംരക്ഷിക്കണം എന്ന് ഞാന്‍ പ്രചരിപ്പിച്ചതാണോ തെറ്റ് ? എനിക്ക് അറിയില്ല. എനിക്ക് മാനസികമായ വിഷമം ഉണ്ട്. ആര് എന്നെ വിമര്‍ശിച്ചാലും ഈ ദുഃഖം എനിക്ക് പ്രകടിപ്പിക്കാതിരിക്കാന്‍ കഴിയില്ല. ഈ നവംബര്‍ ഒന്നാം തീയതി വന്നിരുന്ന് ഇങ്ങനെയൊക്കെ പറയേണ്ടി വന്നതില്‍ ലജ്ജയുണ്ട്. ആ ലജ്ജക്ക് കാരണക്കാര്‍ ആരായാലും അവരും ലജ്ജ കൊണ്ട് തല താഴ്‌ത്തേണ്ടി വരും.