കട്ടൗട്ടിന്റെ പകുതി കാശേ കൊടുത്തിട്ടുള്ളു, 8000 രൂപ ഇനിയും കൊടുക്കാനുണ്ട്: ബൈജു സന്തോഷ്

നാദിര്‍ഷ സംവിധാനം ചെയ്ത മേരാ നാം ഷാജി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടു നിന്ന ബൈജു ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് നടന്‍ ബൈജു ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ബൈജുവിന്റെ കട്ടൗട്ട് കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത് താന്‍ തന്നെ സ്ഥാപിച്ചതാണെന്ന് ബൈജു പറഞ്ഞിരുന്നു. അതിനു കാരണവും ബൈജു തന്നെ പറയുന്നു.

“ഇത് സിനിമയില്‍ എന്റെ രണ്ടാം വരവല്ല, മൂന്നാം വരവാണ് ഇതില്‍ ശരിയായില്ലെങ്കില്‍ ശരിയാകില്ല. ഇനി ഞാനൊന്ന് ഉണര്‍ന്ന് ഇരിക്കേണ്ടി വരും. കാര്യം എന്റെയും കൂടി ആവശ്യമാണല്ലോ. അതുകൊണ്ട് കട്ടൗട്ട് വെയ്ക്കാന്‍ ഞാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. കട്ടൗട്ട് വച്ചതിന്റെ കാശ് പകുതി മാത്രമേ കൊടുത്തിട്ടൊളളൂ. ഇനി ബാക്കി കൊടുക്കണം. 7000 അഡ്വാന്‍സ് നല്‍കി. ഇനി 8000 കൂടി കൊടുക്കാനുണ്ട്.” സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ബൈജു ഇക്കാര്യം തുറന്നുപറഞ്ഞത്.

സിനിമയില്‍ 37 വര്‍ഷമായുള്ള ബൈജു ഇടക്കാലത്ത് ചില വിവാദങ്ങളില്‍ പെട്ട് അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് വികടകുമാരന്‍, പുത്തന്‍പണം, ആട് 2, ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ബൈജു വീണ്ടും സിനിമയില്‍ സജീവമായി. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി.

കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജി എന്നീ മൂന്നു ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരാണ് കഥ. ജോണ്‍ കുട്ടി എഡിറ്റിങ്ങും എമില്‍ മുഹമ്മദ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.