അവന്റെ കഷ്ടകാലം, അതുമായി എന്റെ അടുത്തേക്ക് വന്നു, റെയില്‍വേ ട്രാക്കിലൂടെ ഞാന്‍ ഓടിച്ചിട്ട് തല്ലി; ബൈജു എഴുപുന്ന

വ്യാജ സിഡി വില്‍പ്പനക്കാരെ ‘കൈകാര്യം’ ചെയ്തതിനെക്കുറിച്ച് നടന്‍ ബൈജു എഴുപുന്ന. വ്യാജ സി.ഡി വില്‍ക്കുന്നവരെ കണ്ടാല്‍ ഓടിച്ചിട്ട് അടിക്കുന്ന ആളാണെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.

‘ നല്ല ഇടി ഞാന്‍ കൊടുത്തിട്ടുണ്ട്. ഒരു ദിവസം ഞാന്‍ തിയേറ്ററില്‍ നിന്ന് വരുന്നവഴി ഒരു റെയില്‍വേ ബ്ലോക്കില്‍ കിടക്കുകയാണ്. അപ്പോള്‍ ഒരു പയ്യന്‍ ഇങ്ങനെ വ്യാജ സി.ഡി വിറ്റുകൊണ്ടിരിക്കുകയാണ്. അവന്റെ കഷ്ടകാലത്തിന് അവന്‍ ഞാന്‍ ആരാണെന്ന് അറിയാതെ എന്റെ കാറിനടുത്തേക്ക് അത് കൊണ്ടുവന്നു തന്നു.

ഇത് ഏതാ പടമെന്ന് ഞാന്‍ ചോദിച്ചു. ചേട്ടാ ഇത് ആ തിയേറ്ററില്‍ കളിച്ചുകൊണ്ടിരിക്കുന്ന പടമാണ്. എന്തിനാണ് തിയേറ്ററിലൊക്കെ പോയി കാണുന്നതെന്ന് എന്നോട് ചോദിച്ചു. അവന് എന്നെ മനസിലായിട്ടില്ലെന്ന് തോന്നി. എത്ര എണ്ണം ഉണ്ട്, എന്റെ ഫ്രണ്ടസ് ഒക്കെ ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. ചേട്ടന് എത്ര എണ്ണം വേണമെന്നായി അവന്‍.

ഇതോടെ ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി. അവനെ ട്രെയില്‍വേ ട്രാക്കിലൂടെ ഓടിച്ചിട്ടു. ഒടുവില്‍ അവനെ പിടിച്ച്, സംഭവം ഞാന്‍ കേസാക്കി. പിന്നെ തിയേറ്ററില്‍ വന്ന് ഷൂട്ട് ചെയ്ത ആള്‍ക്കാരെ ഒരുപാട് പിടിച്ചിട്ടുണ്ട്. ഞാന്‍ ഒരു നിര്‍മാതാവ് കൂടി ആയതുകൊണ്ടാവാം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.