തമന്നയുടെ പ്രണയമോ പാട്ടോ ഇല്ല, കണ്ണനെ ഉറക്കുന്നുമില്ല! 100 മിനിറ്റിലധികം ഫൂട്ടേജ് വെട്ടിച്ചുരുക്കി; 'ബാഹുബലി: ദി എപ്പിക്' വരുന്നത് ഈ മാറ്റങ്ങളോടെ

‘ബാഹുബലി’ റീ റിലീസ് ആയ ‘ബാഹുബലി: ദി എപ്പിക്’ തിയേറ്ററുകളില്‍ എത്തുന്നത് 100 മിനിറ്റില്‍ അധികം ഫൂട്ടേജ് വെട്ടിച്ചുരുക്കിയ ശേഷം. ബാഹുബലി 1, 2 ഭാഗങ്ങളാണ് വെട്ടിച്ചുരുക്കിയ ശേഷം തിയേറ്ററുകളില്‍ എത്തിക്കുന്നത്. നിലവില്‍ സിനിമയുടെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും 43 മിനിറ്റുമാണ്. സിനിമയില്‍ നിന്നും ഒഴിവാക്കിയ രംഗങ്ങളെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സംവിധായകന്‍ എസ്എസ് രാജമൗലി.

രണ്ട് ഭാഗങ്ങളും സംയോജിപ്പിച്ച ശേഷം, റോളിംഗ് ടൈറ്റിലുകള്‍ നീക്കം ചെയ്താലും സിനിമയുടെ മൊത്തം ദൈര്‍ഘ്യം ഏകദേശം അഞ്ച് മണിക്കൂറും 27 മിനിറ്റും ഉണ്ടാകുമായിരുന്നു. അതിനാല്‍ തന്നെ തമന്നയുടെയും അനുഷ്‌കയുടേയും ഗാനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന രംഗങ്ങളാണ് ബാഹുബലി-ദി എപ്പിക് എന്ന പുതിയ പതിപ്പില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ഈ പുതിയ പതിപ്പ് കഥയെ മാത്രം ആശ്രയിച്ചുള്ളതാകണം എന്ന ലക്ഷ്യത്തോടെയാണ് എഡിറ്റിങ് നടത്തിയത്. ഓരോ രംഗത്തിനും വൈകാരികമായ തലവും കഥാപരമായ പ്രാധാന്യവും ഉണ്ടായിരുന്നിട്ടും, പുതിയ പതിപ്പിന് വേണ്ടി അവ ഒഴിവാക്കേണ്ടി വന്നു. ഏകദേശം നാല് മണിക്കൂറും പത്ത് മിനിറ്റുമായിരുന്നു സിനിമയുടെ ആദ്യ കട്ട്.

അതിന് ശേഷം, സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയുന്നതിനായി വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള സിനിമാപ്രേമികള്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേക സ്‌ക്രീനിംഗ് നടത്തി. ഇതിന് ശേഷം സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതിനായി ചില രംഗങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചു. ഈ എഡിറ്റില്‍ വലിയ നഷ്ടങ്ങള്‍ സംഭവിച്ചു.

Read more

അതില്‍ പ്രധാനം തമന്ന അവതരിപ്പിച്ച അവന്തികയുടെയും ശിവുഡുവിന്റെയും പ്രണയകഥയുടെ പ്രധാന ഭാഗങ്ങള്‍ നീക്കം ചെയ്തതാണ്. അതോടൊപ്പം, ‘പച്ച ബൊട്ടേസിന’, ‘കണ്ണാ നിദുരിഞ്ചര’, ‘മനോഹരീ’ എന്നീ മൂന്ന് ഗാനങ്ങളും ബാഹുബലി: ദി എപ്പിക് പതിപ്പില്‍ നിന്ന് ഒഴിവാക്കി. യുദ്ധരംഗങ്ങളിലെ നിരവധി ഭാഗങ്ങളും വെട്ടിമാറ്റി എന്നാണ് രാജമൗലി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഒക്ടോബര്‍ 31ന് ആണ് സിനിമ ആഗോളതലത്തില്‍ റിലീസിന് ഒരുങ്ങുന്നത്.