നടന്‍ ഹരീഷ് കണാരന്റെ ആരോപണങ്ങളോട് പ്രതികരിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ. കടം കൊടുത്ത 20 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് ബാദുഷ തന്നെ സിനിമകളില്‍ നിന്നും നീക്കം ചെയ്തു എന്നാണ് ഹരീഷ് കണാരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഹരീഷിന്റെ ആരോപണങ്ങള്‍ക്ക് താന്‍ നിര്‍മ്മിക്കുന്ന ‘റേച്ചല്‍’ റിലീസ് ചെയ്ത ശേഷം മറുപടി പറയാം എന്നാണ് ബാദുഷ പറയുന്നത്.
”എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം” എന്നാണ് ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡിസംബര്‍ 12ന് ആണ് ഹണി റോസിനെ നായികയാക്കി ബാദുഷ നിര്‍മ്മിക്കുന്ന റേച്ചല്‍ റിലീസ് ചെയ്യുന്നത്. അതേസമയം, ‘മധുരകണക്ക്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ഹരീഷ് ബാദുഷയുടെ പേര് തുറന്നു പറഞ്ഞത്.

ഹരീഷ് കണാരന്റെ വാക്കുകള്‍:
സിനിമയില്‍ എനിക്ക് നല്ല തിരക്കുള്ള സമയമായിരുന്നു അന്ന്. ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് പോയിക്കൊണ്ടിരുന്ന സമയം. അന്ന് ഞാന്‍ അമ്മ സംഘടനയില്‍ അംഗത്വം എടുത്തിട്ടുണ്ടായിരുന്നില്ല. അപ്പോള്‍ ഇടവേള ബാബു എന്നെ വിളിച്ചിട്ട് അംഗത്വം എടുക്കണം അല്ലെങ്കില്‍ നിന്റെ പ്രശ്‌നം തീര്‍ക്കാന്‍ മാത്രമേ എനിക്ക് സമയമുണ്ടാകൂ എന്ന് പറഞ്ഞു. അപ്പോഴാണ് എന്റെ ഡേറ്റും കാര്യങ്ങളും മാനേജ് ചെയ്‌തോളാം എന്ന് പറഞ്ഞ് അയാള്‍ വരുന്നത്. അന്ന് അത്രയും സിനിമകള്‍ ചെയ്യുന്നതു കൊണ്ട് അയാളെ ഏല്‍പ്പിച്ചു.
പിന്നീട് ഒരു ഘട്ടത്തില്‍ ഞാന്‍ 20 ലക്ഷം രൂപ അയാള്‍ക്ക് കടമായി നല്‍കി. നാല് വര്‍ഷം ഞാന്‍ ആ പണം തിരികെ ചോദിച്ചതേയില്ല. എന്റെ വീട് പണി തുടങ്ങിയ സമയത്ത് ഞാന്‍ പണം തിരികെ ചോദിച്ചു. അപ്പോള്‍ ഓരോ ഒഴിവ് കഴിവുകള്‍ പറഞ്ഞു തുടങ്ങി. അപ്പോള്‍ ഞാന്‍ അമ്മയില്‍ പരാതി നല്‍കി. പിന്നീട് എനിക്ക് ഡേറ്റ് തന്ന പടങ്ങളൊന്നും ഇല്ല. ആരും വിളിക്കുന്നുമില്ല. രണ്ടാമത് സിനിമകളിലേക്ക് വന്നു തുടങ്ങിയപ്പോഴാണ് ഞാന്‍ കഥകള്‍ അറിയുന്നത്. പലയിടത്തും എന്നെപ്പറ്റി നെഗറ്റീവ് കഥകള്‍ പ്രചരിപ്പിച്ചു.
Read more
ഞാന്‍ സമയത്ത് വരില്ല, എറണാകുളത്ത് ഷൂട്ട് ഉണ്ടെങ്കില്‍ ഉച്ചയ്ക്ക് കോഴിക്കോട്ടെ വീട്ടില്‍ പോയിട്ടേ ഭക്ഷണം കഴിക്കൂ എന്നു വരെ പലരോടും പറഞ്ഞു എന്നാണ് അറിഞ്ഞത്. എനിക്കും അറിയില്ല ഇത് എങ്ങനെയാണെന്ന്. ഞാന്‍ വിചാരിച്ചത് കോവിഡിന് ശേഷം തമാശകളുടെ സ്വഭാവം മാറിയതുകൊണ്ട് നമ്മളെയൊന്നും വിളിക്കാത്തതാവും എന്നാണ്. എആര്‍എം സിനിമയില്‍ അഭിനയിക്കാന്‍ ചേട്ടന്‍ എന്താണ് വരാഞ്ഞതെന്ന് എന്നോട് ടൊവിനോ ചോദിച്ചു. ഞാന്‍ പറഞ്ഞു എന്നെ വിളിച്ചില്ലെന്ന്. ചേട്ടന് ഡേറ്റ് ഇല്ല, വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല എന്നൊക്കെയാണ് ഇയാള്‍ പറഞ്ഞതെന്ന് ടൊവിനോ എന്നോട് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി.








