അദ്ദേഹത്തെ ഡാന്‍സ് കളിപ്പിച്ച ശേഷമാണ് മമ്മൂക്കയുടെ ഡാന്‍സ് ; സംവിധായകന് മമ്മൂട്ടി കൊടുത്ത പണിയെക്കുറിച്ച് ബാദുഷ

തോപ്പില്‍ ജോപ്പനിലെ മമ്മൂട്ടിയുടെ ഡാന്‍സിനെക്കുറിച്ച് രസകരമായ അനുഭവം പങ്കുവെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ. ദിനേശ് മാസ്റ്റര്‍ മമ്മൂക്കയ്ക്കൊരു സ്റ്റെപ്പ് കാണിച്ചു കൊടുത്തു. ജോണി ചേട്ടന്‍ ആണല്ലോ ഡയറക്ടര്‍. മമ്മൂക്ക പറഞ്ഞു പറ്റില്ലെന്ന്. ട്രൈ ചെയ്ത് നോക്കാമെന്ന് ജോണി ചേട്ടന്‍ പറഞ്ഞു.

അപ്പോള്‍ മമ്മൂക്ക, എന്നാ നീയാദ്യം ചെയ്യെന്ന് പറഞ്ഞു. അങ്ങനെ ജോണി ചേട്ടനെക്കൊണ്ട് പാട്ടിട്ട് ഡാന്‍സ് കളിപ്പിച്ച ശേഷമാണ് മമ്മൂക്ക ഡാന്‍സ് ചെയ്യുന്നത്. പുള്ളിയ്ക്ക് അറിയാം അദ്ദേഹത്തിനത് അത് വഴങ്ങില്ലെന്ന്. മമ്മൂക്കയെക്കൊണ്ട് എല്ലാ പടത്തിലും ജോണി ചട്ടന്‍ ഡാന്‍സ് കളിപ്പിച്ചിട്ടുണ്ട്”.

ആദ്യമായി വര്‍ക്ക് ചെയ്ത മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകളും അതിനൊപ്പം ബാദുഷ പങ്കുവെച്ചു. ചിത്രത്തില്‍ ഒരു ഷോട്ട് ചിത്രീകരിക്കാനായി മമ്മൂട്ടിയെ രാവിലെ ലൊക്കേഷനില്‍ എത്തിക്കുന്നതിനായി സംസാരിക്കാന്‍ ചെന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.

 

ആദ്യമായി പ്രൊഡക്ഷന്‍ മാനേജര്‍ ആയിട്ട് ചെയ്യുന്ന മമ്മൂട്ടി ചിത്രം ഒരേ കടല്‍ ആയിരുന്നു. ഒരു ദിവസം മമ്മൂക്ക എന്ന വിളിച്ച് എന്താ പേരെന്നൊക്കെ ചോദിച്ചു. അങ്ങനെ സംസാരിച്ചപ്പോള്‍ എന്റെ നാട് മമ്മൂക്കയുടെ ഉമ്മയുടെ നാടാണ്. അങ്ങനെ വിശേഷങ്ങളൊക്കെ പറഞ്ഞു. ഒരു ദിവസം മമ്മൂക്കയുടെ രാവിലെയുള്ളൊരു ഷോട്ട് എടുക്കണം. ശ്യാമപ്രസാദ് സര്‍ ആണ് സംവിധായകന്‍. അദ്ദേഹത്തിന് അത് മമ്മൂക്കയോട് ചോദിക്കാനൊരു ടെന്‍ഷന്‍. എല്ലാവരും നിന്ന് ചര്‍ച്ച ചെയ്യുകയാണ്. നാളെ രാവിലെ അഞ്ചരയ്ക്ക് മമ്മൂക്കയെ കിട്ടിയാല്‍ ഒരു ഷോട്ട് എടുക്കാം. അത് കഴിഞ്ഞ അദ്ദേഹം പോയ്ക്കോട്ടെ. പക്ഷെ ഇത് പറയാന്‍ ആര്‍ക്കും ധൈര്യമില്ല”.

അവസാനം ഞാന്‍ മമ്മൂക്കയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. എന്നെയൊന്ന് നോക്കിയ ശേഷം ഞാന്‍ വന്നാല്‍ നിങ്ങള്‍ കൃത്യമായി ഷൂട്ട് ചെയ്യുമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, അതറിയില്ല സംവിധായകനോട് ചോദിക്കണമെന്ന്. ഡയറക്ടര്‍ ഷൂട്ട് ചെയ്തോളാം എന്ന് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം കൃത്യമായി അഞ്ചര മണിക്ക് തന്നെ എത്തി, ഷൂട്ട് ചെയ്തു. ബാദുഷ കൂട്ടിച്ചേര്‍ത്തു.