ഒടുവില്‍ 15 മിനിറ്റ് സൂം മീറ്റില്‍ വരാമെന്ന് എ.ആര്‍ റഹ്‌മാന്‍ സമ്മതിച്ചു, ലാല്‍ സാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു: ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു

മോഹന്‍ലാല്‍-ബി. ഉണ്ണകൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആറാട്ട് ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തില്‍ സംഗീത ഇതിഹാസം എ.ആര്‍ റഹ്‌മാനും വേഷമിടുന്നുണ്ട്. ആറാട്ടിലേക്ക് എ.ആര്‍ റഹ്‌മാനെ വരുമോ എന്നതില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും സംശയം ഉണ്ടായിരുന്നു എന്നാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്.

എ.ആര്‍ റഹ്‌മാനെ കൊണ്ടു വരിക എന്നത് അസാധ്യമായ കാര്യമായിരുന്നു. സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍ ഉദയന്‍ ഇങ്ങനെ ഒരു ആശയം പറഞ്ഞു. അത് വെറുതെയല്ല, സിനിമയിലെ ഒരു പ്രധാന ഘടകം തന്നെയാണ് എ.ആര്‍ റഹ്‌മാന്‍. ലാല്‍ സാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ ഇഷ്ടപെടുന്ന ആളല്ല.

ഒരുപാടു പേര്‍ ശ്രമിച്ചിട്ടും അദ്ദേഹം അങ്ങനെ പോയിട്ടില്ല. വിജയ്ക്കൊപ്പം ഒരു ഗാനരംഗത്തിലാണ് അദ്ദേഹം അവസാനമായി വന്നത്. ഒരുപാട് ആശങ്കകള്‍ നമുക്ക് ഉണ്ടായിരുന്നു. നമ്മളെ അതില്‍ ഹെല്‍പ്പ് ചെയ്തത് നടന്‍ റഹ്‌മന്‍ ആണ്. റഹ്‌മാനും താനും തമ്മില്‍ നല്ല സൗഹൃദമുണ്ട്. അതിനേക്കാള്‍ ഉപരി ലാല്‍ സാറും അദ്ദേഹവുമായി വലിയ അടുപ്പമുണ്ട്.

റഹ്‌മാനെ അദ്ദേഹം വിളിച്ചു പറയുകയും താന്‍ സമീപിക്കുകയും ചെയ്തപ്പോള്‍ എന്തുകൊണ്ട് എ.ആര്‍ റഹ്‌മാന്‍ എന്ന് പറയുന്ന ഒരു നോട്ടും നല്‍കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം എ.ആര്‍ റഹ്‌മാനെ കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിച്ചു. എന്നിട്ടും അദ്ദേഹം പൂര്‍ണ്ണമായും കണ്‍വിന്‍സ് ആയില്ല.

ഒടുവില്‍ തന്നോടോപ്പം ഒരു 15 മിനിറ്റ് സൂം മീറ്റില്‍ വരാമെന്ന് സമ്മതിക്കുകയും താന്‍ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കുകയും ചെയ്തു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ കാര്യങ്ങള്‍ മാനേജ് ചെയ്യുന്ന ടീം വിളിക്കുകയും അങ്ങനെ അദ്ദേഹം സിനിമയുടെ ഭാഗമാവുകയും ചെയ്തു എന്ന് സംവിധായകന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്ത ഈ ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്.