ആക്ഷേപം ഉന്നയിക്കുന്നവര്‍ ചില കാര്യങ്ങള്‍ കൂടി പറയണം.എന്തായിരുന്നു അനുരഞ്ജന ഫോര്‍മുല? വ്യക്തിപരമായി എനിക്ക് എന്താണ് നേട്ടം?: ജോജു വിഷയത്തില്‍ ബി ഉണ്ണിക്കൃഷ്ണന്‍

ജോജു ജോര്‍ജ്ജ് വിഷയത്തില്‍ സിപിഐഎമ്മിനുവേണ്ടി കോണ്‍ഗ്രസ്സിന്റെ അനുരഞ്ജന ശ്രമങ്ങളെ താന്‍ അട്ടിമറിച്ചു എന്ന ആരോപിക്കുന്നവര്‍ക്ക് മറുപടിയുമായി ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണന്‍. മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

ഉണ്ണിക്കൃഷ്ണന്റെ വാക്കുകള്‍

ജോജു ഞങ്ങളുടെ സംഘടനയിലെ അംഗം അല്ല.അദ്ദേഹവുമായി എനിക്കു വലിയ അടുപ്പവും ഇല്ല.സംഭവത്തിന്റെ ശരി തെറ്റുകളിലേക്ക് ഒന്നും കടക്കുന്നില്ല.സിനിമയില്‍ ആര്‍ക്കു പ്രശ്‌നം ഉണ്ടായാലും ഞാന്‍ ഓടിച്ചെല്ലാറുണ്ട്. അങ്ങനെ ചെന്നതാണ്. ഇതിനിടെ ജോജുവിനെ തെരുവു ഗുണ്ട എന്ന് ആക്ഷേപിച്ചപ്പോള്‍ അതു ശരിയല്ലെന്നു ഞങ്ങള്‍ പറഞ്ഞു. ന്യായീകരിക്കാനോ അയാള്‍ ചെയ്തതു ശരിയാണെന്നു സ്ഥാപിക്കാനോ ശ്രമിച്ചിട്ടില്ല.അന്ന് ഇടപെട്ടതല്ലാതെ പിന്നീട് അക്കാര്യം അന്വേഷിച്ചിട്ടില്ല. ആ സംഭവം നടന്നിട്ടു ദിവസങ്ങള്‍ കഴിഞ്ഞു.ജോജുവുമായി ഞാന്‍ ഫോണില്‍ പോലും സംസാരിക്കാറില്ല.

സിപിഎമ്മിനു വേണ്ടി ഞാന്‍ അനുരഞ്ജനം അട്ടിമറിച്ചു എന്നാണ് ആരോപണം.എനിക്കു രാഷ്ട്രീയം ഉണ്ട്.എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ എന്റെ അടുത്ത സൃഹൃത്തുക്കളായും ഉണ്ട്.ആക്ഷേപം ഉന്നയിക്കുന്നവര്‍ ഒന്നു രണ്ടു കാര്യം കൂടി പറയണം.എന്തായിരുന്നു അനുരഞ്ജന ഫോര്‍മുല?അതില്‍ എന്താണ് എന്റെ റോള്‍?അത് അട്ടിമറിച്ചതു കൊണ്ട് വ്യക്തിപരമായി എനിക്ക് എന്താണ് നേട്ടം?

ജനകീയ സമരങ്ങള്‍ ആരു ചെയ്താലും അതിനോടു മുഖം തിരിച്ചു നില്‍ക്കുന്നതു ശരിയല്ലെന്ന അഭിപ്രായക്കാരനാണ് ഞാന്‍.അത്തരം സമരങ്ങളെ എതിര്‍ക്കുന്നതിനോട് യോജിപ്പില്ല.അതു വേറെ വിഷയമാണ്.ജോജുവിനു സഹായം ആവശ്യമുള്ള സമയത്ത് സഹായിച്ചു എന്നേയുള്ളൂ.പ്രാദേശിക വിഷയം എന്ന നിലയില്‍ അവിടത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വൈകാരികമായി പ്രതികരിച്ചതാകാം.അതിനെ ആ രീതിയില്‍ കണ്ടാല്‍ മതിയെന്നാണ് സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.ഞാന്‍ ആര്‍ക്കുമെതിരെ പ്രതികരിക്കാന്‍ പോയിട്ടില്ല.