എന്തുകൊണ്ട് ബാഗമതി വിതരണത്തിന് എടുത്തു? ബി. ഉണ്ണികൃഷ്ണന്‍ സംസാരിക്കുന്നു

ജ്യോതിസ് മേരി ജോണ്‍

അനുഷ്‌ക്ക ഷെട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്ത്രീകേന്ദ്രീകൃത കഥ പറയുന്ന ചിത്രമാണ് ബാഗമതി. ഉണ്ണി മുകുന്ദന്‍, ജയറാം, ആശാ ശരത്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. മലയാളികള്‍ക്ക് ഏറെ താല്‍പര്യമുള്ളൊരു ചിത്രം കേരളത്തില്‍ വിതരണത്തിന് എടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ബി.

ഞാന്‍ ഈ ചിത്രം കണ്ടതിനു ശേഷമാണ് കേരളത്തിലെ തീയേറ്ററുകളിലെത്തിക്കാമെന്നുള്ള തീരുമാനത്തിലെത്തിയത്. സിനിമയെപ്പറ്റി പറഞ്ഞാല്‍ വിഷ്വലി ഉയര്‍ന്ന നിലവാരമാണ് ഈ ചിത്രം പുലര്‍ത്തുന്നത്. അനുഷ്‌കയുടെ മുന്‍ ചിത്രം ബാഹുബലി പോലെ തന്നെയെന്ന് പറയാം.

അരുന്ധതിയെപോലെ ഭൂതകാലവും നിലവില്‍ നടക്കുന്ന സംഭവങ്ങളും തമ്മിലുള്ള ബന്ധത്തിലാണ് സിനിമയുടെ ഇതിവൃത്തം മുന്നോട്ടു പോകുന്നത്. പിന്നെ ബാഹുബലിയിലൂടെ മലയാളികള്‍ക്കിടയില്‍ അനുഷ്‌ക നേടിയെടുത്ത ഒരു സ്ഥാനമുണ്ട് അതും ഈ ചിത്രത്തിന് ഉപകാരപ്പെടുമെന്ന വിശ്വാസം എനിയ്ക്കുണ്ട്.

ഇതു മാത്രമല്ല കേരളത്തിലേയ്ക്ക് ബാഗമതി എത്തിയ്ക്കാനുള്ള കാരണം തന്റെ കഥാപാത്രങ്ങളിലൂടെ ഇന്ത്യന്‍ നായകനടന്മാര്‍ക്ക് തുല്യമായ ഒരു ഇമേജ് അനുഷ്‌കയ്ക്ക് നിലവിലുണ്ട്. പിന്നെ മലയാള സിനിമയിലെ പ്രധാനപ്പെട്ട താരങ്ങളായ ജയറാമും ആശാ ശരതും ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലുണ്ടെന്നതും എന്നെ ആകര്‍ഷിച്ചു.

കേരളത്തില്‍ വലിയ സിനിമകള്‍ റിലീസാവുന്നതു പോലെ തന്നെ നൂറോളം സ്‌ക്രീനുകളിലാണ് ബാഗമതി എത്തിയ്ക്കുന്നത്. എല്ലാ നടന്മാരുടെയും ആരാധകര്‍ ഈ ചിത്രത്തിന് കയറുമെന്ന് എനിയ്ക്കുറപ്പാണ്. ഇതിനു മുന്‍പും അന്യഭാഷാ ചിത്രങ്ങള്‍ വിതരണത്തിനെടുത്തിട്ടുണ്ട്. അല്ലു അര്‍ജുന്റെ ചിത്രങ്ങളായിരുന്നു ഇവയില്‍ കൂടുതലും സരൈനൊഡുവിന്റെ മലയാളമായ യോദ്ധാവ്, ഡിജെ എന്നിവയ്ക്കു പുറമേ ഫിദയും കേരളത്തിലെത്തിച്ചു. കൂടാതെ തിങ്കളാഴ്ച്ച ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്ക്ായി അനുഷ്‌ക കൊച്ചിയിലെത്തുന്നുണ്ട്.