ആ സീനിൽ ഞാൻ ഇരിക്കുമ്പോൾ എന്നോട് കാല് ആട്ടണം എന്ന് പറഞ്ഞിരുന്നു, വരും തലമുറയ്ക്ക് ഈ സിനിമയൊരു പാഠപുസ്തകമാണ്: അശോകൻ

നിരവധി പ്രതിഭാധനരായ സംവിധായകരോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച നടനാണ് അശോകൻ. നടനായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് തന്നെ പത്മരാജൻ സംവിധാനം ചെയ്ത ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നിരൂപക പ്രശംസകളായിരുന്നു അശോകന് ലഭിച്ചത്. പിന്നീട് കരിയറിലുടനീളം മികച്ച സംവിധായകരുടെ ഗംഭീര സിനിമകളിൽ അശോകൻ കഴിവുതെളിയിച്ചു.

പത്മരാജൻ, അടൂർ ഗോപാലകൃഷ്ണൻ, കെ. ജി ജോർജ്, മണിരത്നം, ഐ. വി ശശി, ഭരതൻ തുടങ്ങീ മാസ്റ്റേഴ്സിന്റെ സിനിമകളിൽ സ്ഥിര സാന്നിധ്യമായിരുന്നു അശോകൻ. ഇന്നും മികച്ച കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ സജീവമാണ് അശോകൻ.

അശോകന് നിരവധി പ്രശംസകൾ ലഭിച്ച സിനിമകളിലൊന്നായിരുന്നു കെ. ജി ജോർജ് സംവിധാനം ചെയ്ത യവനിക എന്ന ചിത്രം. യവനിക എന്നത് ഒരുപാട് പെർഫെക്ഷൻ ഉള്ള സിനിമയാണെന്നും എല്ലാകാലത്തെ തലമുറയ്ക്കും ആ സിനിമ ഒരു പാഠപുസ്തകമാണെന്നും അശോകൻ പറയുന്നു.

‘യവനിക എന്ന സിനിമ ഇന്ന് കണ്ടാലും പെർഫെക്ട‌് ആണ്. ഒരു അസ്വഭാവികതയും തോന്നാത്ത സിനിമയാണ് യവനിക. അത് ഇന്നും നാളെയുമൊക്കെ പെർഫെക്‌ട് ആണ്. വരും തലമുറയ്ക്ക് പഠിക്കാനുള്ള ഒരു സിനിമയാണത്.

കെ. ജി. ജോർജ് എല്ലാ കാര്യത്തിലും മികച്ച ഒരാളായിരുന്നു. അതിപ്പോൾ സിനിമയിലെ കഥയാണെങ്കിലും സംവിധാനമാണെങ്കിലുമെല്ലാം. ക്യാമറയും എഡിറ്റിങ്ങുമെല്ലാം അറിയാം. അഭിനയിക്കുന്ന കാര്യത്തിൽ ആണെങ്കിലും ഒരുപാട് നിർദ്ദേശങ്ങൾ എനിക്ക് തന്നിരുന്നു.

യവനികയിൽ ഒരു സീനിൽ ഞാൻ ഇരിക്കുമ്പോൾ എന്നോട് കാല് ആട്ടണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ആ സിനിമയിലൂടനീളം ഞാൻ ആ മാനറിസം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.” എന്നാണ് കാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അശോകൻ പറഞ്ഞത്.