എന്ത് തന്നെ പറഞ്ഞിട്ടും ചോദിച്ചിട്ടും കാര്യമില്ല, ചിലപ്പോള്‍ സ്വന്തം നാവ് തന്നെ പാമ്പ് ആയി വരും; സിനിമ തന്നെ ഉപേക്ഷിച്ച കഥ പങ്കുവെച്ച്  അശോകന്‍

പദ്മരാജന്റെയും കെജി ജോര്‍ജ്ജിന്റെയും ഭരതന്റെയുമൊക്കെ സിനിമകളില്‍ അഭിനയിച്ച് വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഒരു ഇടം നേടിയെടുത്ത താരമാണ് അശോകന്‍. സിനിമയില്‍ തിളങ്ങി നില്‍ക്കവേ അശോകന്‍ പെട്ടന്നാണ് ഈ മേഖലയില്‍ അപ്രത്യക്ഷനായത്.

ഇപ്പോഴിതാ സിനിമയില്‍ നിന്ന് അകന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അശോകന്‍. സിനിമയെ താന്‍ ഉപേക്ഷിച്ചതല്ല, സിനിമ എന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് അശോകന്‍ പറഞ്ഞത്.

നടന്റെ വാക്കുകള്‍

സിനിമകള്‍ കിട്ടാതെ വരുന്ന അവസ്ഥയായിരുന്നു എനിക്ക്. 94 – 95 കാലഘട്ടങ്ങളിലാണ് സിനിമ എന്നില്‍ നിന്ന് വല്ലാതെ അകന്ന് പോകുന്നത് പോലെ എനിക്ക് തോന്നിയത്. എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല. നിലനില്‍ക്കുന്നതും പുറത്താകുന്നതും എല്ലാം സിനിമയുടെ ഭാഗമാണെന്നാണ് ഞാന്‍ കരുതുന്നത്.

അവസരങ്ങള്‍ ചോദിച്ചിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍, തല വര ശരിയല്ല എങ്കില്‍ എന്ത് തന്നെ പറഞ്ഞിട്ടും ചോദിച്ചിട്ടും കാര്യമില്ല. ചിലപ്പോള്‍ സ്വന്തം നാവ് തന്നെ പാമ്പ് ആയി വരാനും സാധ്യതയുണ്ട്. മോശം സമയത്ത് പറയുന്നതും ചെയ്യുന്നതും എല്ലാം ആപത്താണ്. നല്ല സമയത്ത് എന്ത് തോന്ന്യാസം വിളിച്ച് പറഞ്ഞാലും നല്ലതായിട്ടേ വരൂ.

കാലത്തിന് അനുസരിച്ച് ഞാന്‍ മാറേണ്ടതായിരുന്നു, തിരുത്തലുകള്‍ വരുത്തേണ്ടതായിരുന്നു.. എവിടെയാണ് എനിക്ക് പോരായ്മ പറ്റിയത് എന്നൊക്കെ ഞാനും ആലോചിക്കാറുണ്ട്. പക്ഷെ അങ്ങനെ ആത്മപരിശോധന നടത്തിയതുകൊണ്ടോ സ്വയം എന്നില്‍ തെറ്റുകളുണ്ട് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടോ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല.