മന്ത്രി ശിവൻകുട്ടി പറഞ്ഞ നടി ആശ ശരത്തോ? തിരക്കിട്ട ചർച്ചയിൽ സോഷ്യൽ മീഡിയ

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ നൃത്തം പഠിപ്പിക്കാൻ 5 വാങ്ങിയ നടി ആരെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. മലയാളം സിനിമയിൽ സ്കൂൾ കലോത്സവത്തിലൂടെ വിജയിച്ച് സിനിമയിലെത്തിയ നടിമാർ ആരൊക്കെയാണെന്നും ആരായിരിക്കാം ഇത്തരത്തിൽ പ്രതിഫലം വാങ്ങിയതെന്ന ചർച്ചകളും പുരോഗമിക്കുകയാണ്. ആശ ശരത്ത്, നവ്യാ നായർ അടക്കമുള്ള നടിമാരുടെ പേരുകളാണ് ചർച്ചയാകുന്നത്.

ചർച്ചകൾ സജീവമാകുമ്പോൾ താൻ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി നടിയും ഡാൻസറുമായ ആശ ശരത്ത് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം നടന്ന സ്കൂ‌ൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാനെത്തിയതിന് പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്ന് ആശ ശരത്ത് പറഞ്ഞു. സ്വന്തം ചെലവിലാണ് ദുബായിൽ നിന്നെത്തിയതെന്നും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും ആശ ശരത്ത് കൂട്ടിച്ചേർത്തു.

കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണെന്നും വളരെ സന്തോഷത്തോടെയാണ് അന്ന് അവിടെ എത്തിയതെന്നും ആശ ശരത്ത് പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ലക്ഷങ്ങൾ പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന ആരോപണവുമായാണ് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയത്. എന്നാൽ നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

സ്‌കൂൾ കലോത്സവം വഴി മികച്ച കലാകാരിയായി ഉന്നതിയിലെത്തുമ്പോൾ കേരളത്തോട് ഇവർ അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി വിമർശിച്ചു. 16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടിയാണ് നൃത്തം പഠിക്കാൻ നടിയോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോടാണ് പത്ത് മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചത്. അവർ സമ്മതിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചതെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ തന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ നടി ആരാണെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല. തുടർന്ന് ഇത്രവലിയ തുകനൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അദ്ധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.