നാടിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന പൂര്‍ണവിശ്വാസമുണ്ട്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി നടി അനുശ്രീ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടി അനുശ്രീ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിലാണ് അനുശ്രീ എത്തിയിരിക്കുന്നത്. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് അനുശ്രീ കുടുംബ സംഗമത്തില്‍ പങ്കെടുത്തത്.

കുടുംബസംഗമത്തിന് താരം എത്തിയതോടെ നാട്ടുകാരും അനുശ്രീക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഒത്തുകൂടി. റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടെന്നും എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും താന്‍ വിജയാശംസ നേരുന്നതായും അനുശ്രീ പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ ഭാരതാംബയായി വേഷമിട്ടും, രാധയായും പങ്കെടുത്തിരുന്ന അനുശ്രീയെ ബിജെപിയുമായി ബന്ധപ്പെടുത്തിയും പ്രചാരണങ്ങള്‍ നടന്നിരുന്നു. അങ്ങനെ പ്രചരിച്ചവര്‍ക്ക് അത് അവരുടെ സ്വകാര്യ ഇഷ്ടമാണെന്നും ഇത് തന്റെ ഇഷ്ടമാണെന്നും അനുശ്രീ വ്യക്തമാക്കി.

നേരത്തെ ഒരു ആരാധകന്‍ അനുശ്രീ പഞ്ചായത്ത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന് ചോദിച്ചതും താരം നല്‍കിയ മറുപടിയും വൈറലായിരുന്നു. “ഈ വര്‍ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന് ഒരു വാര്‍ത്ത കേട്ടല്ലോ”” എന്നായിരുന്നു ചോദ്യം. “”ഞാനും കേട്ടു”” എന്നാണ് അനുശ്രീ അന്ന് മറുപടി നല്‍കിയത്.