ഹിന്ദിയിൽ എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് അനുരാഗ് കശ്യപ്, ഇങ്ങനെയൊരു സിനിമ താൻ ഇതുവരെ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്: മോഹൻലാൽ

മലൈകോട്ടൈ വാലിബൻ റിലീസിനൊരുങ്ങുകയാണ്. മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി കൂട്ടുക്കെട്ട് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ ചിത്രത്തെ കാണുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.
മലൈകോട്ടൈ വാലിബൻ ഹിന്ദി വേർഷനിൽ സംവിധായകൻ അനുരാഗ് കശ്യപ് ആണ് മോഹൻലാലിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ സിനിമയിൽ നിന്നുള്ള നിരവധി ആളുകളാണ് ചിത്രത്തെ കുറിച്ച് സംസാരിക്കുന്നത് എന്നും മോഹൻലാൽ പറയുന്നു.

“ഇങ്ങനെയൊരു സിനിമ ഞങ്ങളുടെ ഇൻഡസ്ട്രിയിൽ ഇറങ്ങുന്നില്ലല്ലോ എന്നാണ് ഈ സിനിമ കണ്ട മറ്റു ഭാഷയിലെ ആളുകൾ ഞങ്ങളോട് പറഞ്ഞത്. ഞാൻ പറഞ്ഞത് സിനിമയുമായി ബന്ധപ്പെട്ട ആളുകൾ വാലിബനെപ്പറ്റി പറഞ്ഞ കാര്യമാണ്.

സിനിമയുടെ ക്രാഫ്റ്റിനെപ്പറ്റി മനസിലാക്കുന്നവരുടെ അഭിപ്രായമാണത്. സാധാരണ പ്രേക്ഷകർ ഇതുവരെ ഈ സിനിമ കണ്ടിട്ടില്ല. ഈ സിനിമയുടെ ഹിന്ദി വെർഷനിൽ എനിക്ക് വേണ്ടി ഡബ് ചെയ്ത‌ത് അനുരാഗ് കശ്യപാണ്.

അദ്ദേഹം ഈ സിനിമ തെരഞ്ഞെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ വേണ്ടി ഒരു തവണ കണ്ടു. അനുരാഗും ലിജോയും കൂടിയാണ് സിനിമ കണ്ടത്. അദ്ദേഹം ഈ സിനിമ കണ്ട ശേഷം എന്നെ വിളിച്ച് സന്തോഷത്തോടെ ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞു. ഐ ആം വെരി ഹാപ്പി ടു ബി എ പാർട്ട് ഓഫ് ദിസ് ഫിലിം. ഇങ്ങനെയൊരു സിനിമ ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്ന് പറഞ്ഞു.” എന്നാണ് ചിത്രത്തിന്റെ പ്രസ് മീറ്റിൽ മോഹൻലാൽ പറഞ്ഞത്.