എനിക്ക് മലയാളം സംവിധായകരോട് അസൂയയാണ്; മമ്മൂട്ടി എന്താണ് ചെയ്തുവെച്ചിരിക്കുന്നത്..; 'ഭ്രമയുഗ'ത്തെ പ്രശംസിച്ച് അനുരാഗ് കശ്യപ്

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തെ പ്രശംസിച്ച് അനുരാഗ് കശ്യപ്. തനിക്ക് മലയാളം സംവിധേയകരോട് അസൂയ തോന്നുന്നുവെന്നും, അതിശയിപ്പിക്കുന്ന വിവേചനശേഷിയുള്ള കേരളത്തിലെ പ്രേക്ഷകരാണ് ഫിലിംമേക്കിങിന്റെ ശക്തിയെന്നും പറഞ്ഞ അനുരാഗ് കശ്യപ് മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രശംസിച്ചു. ഇനി കാണാൻ പോവുന്നത് ‘കാതൽ’ ആണെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

“എനിക്ക് മലയാളം സംവിധായകരോട് അത്രയ്ക്ക് അസൂയയാണ്. ധൈര്യവും ചങ്കൂറ്റവും അതിശയിപ്പിക്കുന്ന വിവേചനശേഷിയുള്ള കേരളത്തിലെ പ്രേക്ഷകരാണ് ഫിലിംമേക്കിങിന്റെ ശക്തി. സത്യമായും അസൂയ തോന്നുന്നു. പിന്നെ മമ്മൂട്ടി, എന്താണ് അദ്ദേഹം ചെയ്തു വച്ചിരിക്കുന്നത്. എന്റെ ലിസ്റ്റിൽ അടുത്ത സിനിമ കാതൽ.” എന്നാണ് ലെറ്റർബോക്സ് ഡിയിൽ അനുരാഗ് കശ്യപ് കുറിച്ചത്. നേരത്തെ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ പ്രശംസിച്ചും അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു.

പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച ഭ്രമയുഗം ബോഡി- ഹൊറർ ഴോണറിലും ഉൾപ്പെടുന്നുണ്ട്. മനുഷ്യന്റെ അധികാരമോഹവും അത്യാർത്തിയും സിനിമ പ്രമേയമാക്കുന്നു.

വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറിൽ രാമചന്ദ്ര  ചക്രവർത്തിയും ശശി കാന്തും നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത മലയാള സാഹിത്യകാരൻ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങൾ എഴുതുന്നത്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Read more