ഈ വാര്‍ത്തകള്‍ നൂറ്റമ്പ് ശതമാനവും വ്യാജം, അവന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്; ഗോസിപ്പുകള്‍ക്ക് എതിരെ അനു മോള്‍

തന്റെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് മിനിസ്‌ക്രീന്‍ താരം അനു മോള്‍. “”നടി അനു മോള്‍ വിവാഹിതയാകുന്നു, പ്രണയം വെളിപ്പെടുത്തി താരം”” എന്നീ തലക്കെട്ടുകളോടെയാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. തന്റെ വിവാഹം ആയിട്ടില്ല, താന്‍ പ്രണയത്തിലും അല്ല എന്നാണ് താരം വനിത ഓണ്‍ലൈനോട് വ്യക്തമാക്കിയിരിക്കുന്നത്.

പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം നൂറ്റമ്പത് ശതമാനം വ്യാജമാണ്. ആരോ സങ്കല്‍പ്പിച്ചെടുത്തത്. വിവാഹം ആകുമ്പോള്‍ താന്‍ നേരിട്ട് എല്ലാരെയും അറിയിക്കും. ഇപ്പോള്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം എന്ന് അനു പറഞ്ഞു. ഒരു സുഹൃത്തിനൊപ്പം നില്‍ക്കുന്ന താരത്തിന്റെ ചിത്രം ഉപയോഗിച്ചും പ്രണയത്തിലാണെന്നും വിവാഹിതയാകാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ആ ഫോട്ടോയിലുള്ളത് തന്റെ ഒപ്പം പഠിച്ച ഒരു സുഹൃത്താണ് എന്നാണ് അനു പറയുന്നത്. സഹോദരതുല്യനാണ്. രണ്ട് വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ കുത്തിപ്പൊക്കി നുണ പ്രചരിപ്പിക്കുന്നത്. നേരത്തെയും ഇത്തരത്തില്‍ പല കള്ളക്കഥകളും വന്നിട്ടുണ്ട്. സീമന്തരേഖയില്‍ സിന്ദൂരം ഒക്കെ വരച്ച് വീഡിയോ വരെ എത്തിയിരുന്നു.

അതൊന്നും താന്‍ പരിഗണിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ചെറുപ്പക്കാരനെ കൂടി ബാധിക്കുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ചും അവന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍. വെറുതെ വിടണം എന്നാണ് അനു മോള്‍ പറയുന്നത്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെട്ടത്. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അനു മോള്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.