ഏറെ സമയം വേണ്ടി വന്നു ഞങ്ങള്‍ക്ക് സമചിത്തത വീണ്ടെടുക്കാന്‍, തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു: നിര്‍മ്മാതാവ് ആന്റോ ജോസഫ്

രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തിന്റെ മരണദിനത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫ്. അന്ന് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു നിര്‍മ്മാതാവ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത അറിയുന്നത് എന്നാണ് പറയുന്നത്. തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് കണ്ടെന്നും നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആന്റോ ജോസഫിന്റെ കുറിപ്പ്:

ഇന്ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷി പൂര്‍ണിമക്ക് മുപ്പത് വയസ്സ്. തൊണ്ണൂറ്റി ഒന്നിലെ ആ രാത്രിയുടെ ഓര്‍മ്മകള്‍ ഇനിയും എന്നില്‍ നിന്നും മാഞ്ഞിട്ടില്ല. അന്ന് ഞാന്‍ കെഎസ് യു കോട്ടയം ജില്ലാ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് അതിരമ്പുഴ മണ്ഡലം സെക്രട്ടറിയുമാണ്.

ഞങ്ങളുടെ ആരാദ്ധ്യനായ നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തുരഞ്ഞെടുപ്പ് പ്രവര്‍ത്തനതിനായി ഇന്നത്തെ ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഹരിദാസിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ പതിമൂന്നു പേര് അടൂര്‍ മണ്ഡലത്തിലാണ്. എനിക്ക് ചുമതലയുള്ള വാര്‍ഡില്‍ നടന്ന കുടുംബസംഗമത്തിനു ശേഷം ഞാനും സ്ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാത്രി വൈകി അദ്ദേഹത്തിന്റെ അംബാസഡര്‍ കാറില്‍ അടൂര്‍ ടൗണിലേക് വരുന്ന വഴി നേരം വൈകിയതിനാല്‍ ഭക്ഷണം കഴിക്കാനായി ഒരു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റിന്റെ വീട്ടില്‍ കയറി.

അവിടെ കഞ്ഞി കുടിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു എന്ന് മനോരമയില്‍ സബ് എഡിറ്ററായ അദ്ദേഹത്തിന്റെ മകന്‍ ഫോണില്‍ അറിയിക്കുന്നത്. ഞങ്ങളെല്ലാം അന്ന് അസ്തപ്ര ജ്ഞരായിപ്പോയി. ശ്രീ തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു.

ഏറെ സമയം വേണ്ടി വന്നു ഞങ്ങള്‍ക്ക് സമചിത്തത വീണ്ടെടുക്കാന്‍. പിന്നീട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജേട്ടനും എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമായ എംകെകെ നായരുമുള്‍പ്പെടെയുള്ള പ്രധാന പ്രവര്‍ത്തകരെയും വിവരമറിയിച്ച് ഞങ്ങള്‍ ടൗണില്‍ ഒത്തുചേര്‍ന്നു.

ആരും സ്വസ്ഥമായ മാനസികാവസ്ഥയിലായിരുന്നില്ലെങ്കിലും പിറ്റേദിവസം നടത്തേണ്ട ഉപവാസത്തെക്കുറിച്ചും മറ്റും ആലോചിച്ച് പുലര്‍ച്ചയോടെ പിരിഞ്ഞു . മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും ആ രാത്രിയില്‍ ആ വാര്‍ത്ത സൃഷ്ടിച്ച ആഘാതം ഇന്നും നിലനില്‍ക്കുന്നത് അന്നത്തെ യുവജനങ്ങള്‍ക്കിടയില്‍ രാജീവ് ഗാന്ധി ചെലുത്തിയിരുന്ന സ്വാധീനം കാരണമാണ്.