'ഞാന്‍ വീടിന് മുമ്പിലുണ്ടെന്ന് പറഞ്ഞ് ഫോട്ടോസഹിതം അയച്ചു കൊടുത്തിട്ടും റിപ്ലേ തന്നില്ല'; ഒന്നര വര്‍ഷം ശോഭനയ്ക്ക് പിന്നാലെ നടന്നതിനെ കുറിച്ച് അനൂപ് സത്യന്‍

ശോഭനയുടെയും സുരേഷ് ഗോപിയുടെയും മികച്ച തിരിച്ചു വരവിന് വഴിതെളിച്ച ചിത്രമാണ് അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട്. ഇവര്‍ രണ്ടും അഭിനയിക്കാന്‍ വിസമ്മതിച്ചായിരുന്നെങ്കില്‍ ഈ ചിത്രം ചെയ്യില്ലെന്ന് നിലപാടിലായിരുന്നു അനൂപ്. സിനിമയ്ക്കായ് ഒന്നര വര്‍ഷം ശോഭനയ്ക്ക് പിന്നാലെ നടന്നെന്നാണ് അനൂപ് പറയുന്നത്.

“എപ്പോഴും നോ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ശോഭന മാമിനെ ഞാന്‍ ആദ്യമായി മീറ്റ് ചെയ്തപ്പോള്‍ അരമണിക്കൂര്‍ ആയിരുന്നു സമയം അനുവദിച്ചത്. ഇംഗ്ലീഷില്‍ കഥ പറഞ്ഞു തുടങ്ങി. പത്ത് മിനിറ്റ് കഥ പറയുന്നത് കേട്ടു. പത്ത് മിനിറ്റ് വെറുതെ ഇരുന്നു. തനിക്ക് വേറൊരു അപ്പോയിന്‍മെന്റ് ഉണ്ടെന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ സിനിമയിലെ രണ്ട് സീന്‍ പറഞ്ഞുകൊടുത്തു. അതുകേട്ട് അവര്‍ ചിരിച്ചു. അവിടെ നിന്നും 45 മിനിറ്റോളം ആ കൂടിക്കാഴ്ച നീണ്ടു. അങ്ങനെ ഞാന്‍ തിരിച്ചുപോയി. കഥ നല്ലതാണെന്ന് പറഞ്ഞെങ്കിലും പക്ഷേ പിന്നെ മാമിനെ കാണാന്‍ കിട്ടിയില്ല.”

“വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ചെന്നൈയില്‍ മാമിന്റെ വീടിന്റെ മുമ്പില്‍ വന്ന് നിന്ന് ആ ഫോട്ടോ അവര്‍ക്ക് അയച്ചു കൊടുത്തിട്ട് പറയും “ഞാന്‍ വീടിനു മുന്നിലുണ്ടെന്ന്”. എന്നാലും നോ റിപ്ലെ. ഞാന്‍ തിരിച്ചുപോരും. ഇടയ്ക്ക് കാണാന്‍ പറ്റുമ്പോഴൊക്കെ കഥയുടെ ബാക്കി പറയും, “കേട്ട് കേട്ട് ബോറടിക്കുന്നില്ലെന്ന്” എന്നോട് മറുപടിയായി പറയും. അങ്ങനെ ഏകദേശം ഒന്നര വര്‍ഷത്തോളം പുറകെ നടന്നു. പിന്നെയാണ് ചെയ്യാമെന്ന് സമ്മതം മൂളിയത്. അനൂപ് പറഞ്ഞു.