എന്റെ ഒരു സിനിമകളിലും ഫൈറ്റ് ഉണ്ടാവില്ല, അങ്ങനെയുള്ള കുറേ സിനിമകള്‍ ഒഴിവാക്കിയിട്ടുണ്ട്; വെളിപ്പെടുത്തി അനൂപ് മേനോന്‍

അടുത്ത കുറച്ച് കാലങ്ങളായി അനൂപ് മേനോന്‍ ചിത്രങ്ങള്‍ അക്വാട്ടിക് യൂണിവേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. ‘വരാല്‍’, ‘കിംഗ് ഫിഷ്’, ‘തിമിംഗല വേട്ട’ എന്നീ സിനിമകളാണ് അനൂപ് മേനോന്റെതായി അടുത്തിടെയായി എത്തിയത്. ഇതിനൊപ്പം താരത്തിന്റെ സിനിമകളില്‍ അധികം ഫൈറ്റ് സീനുകള്‍ ഇല്ലാത്തതും ശ്രദ്ധ നേടാറുണ്ട്.

സംഘട്ടന രംഗങ്ങളുള്ള സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനൂപ് മേനോന്‍ ഇപ്പോള്‍. സംഘട്ടന രംഗങ്ങളുള്ള സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ല. ഒരുപാട് സിനിമകളില്‍ നിന്ന് താന്‍ ഇക്കാരണത്താല്‍ ഒഴിവായിട്ടുണ്ട്. ഫൈറ്റര്‍ക്ക് ഇടി കൊള്ളും എന്ന് ഒരു സംശയവുമില്ലാത്ത കാര്യമാണ്.

സ്റ്റെപ്പിന്റെ മണ്ടയില്‍ നിന്ന് ഇടിച്ച് മറിച്ചിട്ട് നടുവും തല്ലി വീണിട്ട് ഫൈറ്റര്‍ കരയുന്നത് താന്‍ എത്രയോ തവണ കണ്ടിട്ടുണ്ട്. അവരുടെ ജോലിയാണ് പക്ഷെ തനിക്കത് കാണാന്‍ വലിയ പാടാണ്. തന്റെ ഒരു സിനിമകളിലും ഫൈറ്റ് ഉണ്ടാകാറില്ല.

അടുത്തിടെ വരാല്‍ എന്ന സിനിമയില്‍ ഒരു ഫൈറ്റ് രംഗം കൂട്ടിച്ചേര്‍ത്തപ്പോള്‍ ബെഡ് ഇട്ട് ഫൈറ്റര്‍മാര്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. നമ്മള്‍ പൊടിയും തട്ടി എണീറ്റ് പോകും. പക്ഷെ അവരുടെ ശരീരം കണ്ടാലറിയാം, ഫെറ്റിനിടെ ശരീരത്തില്‍ പൊള്ളലും പൊട്ടലുകളും ഉണ്ടാകും എന്നാണ് അനൂപ് മേനോന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Read more

അതേസമയം, മൂന്ന് സിനിമകളാണ് അനൂപ് മേനോന്റെതായി ഇനി അണിയറയില്‍ ഒരുങ്ങുന്നത്. താരം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രമാണ് ‘നാല്‍പത്തിയൊന്നുകാരന്റെ ഇരുപത്തിയൊന്നുകാരി’. രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചതാണെങ്കിലും ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും എത്തിയിട്ടില്ല.