'ജെസ്സി'ക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല, ഇവര്‍ക്കാണ് സമര്‍പ്പിക്കുന്നത്..: അന്ന ബെന്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം അറിയിച്ച് അന്ന ബെന്‍. കപ്പേള എന്ന സിനിമയിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം അന്ന നേടിയത്. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവാര്‍ഡ് കപ്പേള ടീമിന് സമര്‍പ്പിക്കുന്നുവെന്നും അന്ന ബെന്‍ പ്രതികരിച്ചു.

2020ല്‍ പുറത്തിറങ്ങിയ മലയാള സിനിമകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് കപ്പേള. ജെസ്സി എന്ന കഥാപാത്രത്തെയാണ് കപ്പേളയില്‍ അന്ന ബെന്‍ അവതരിപ്പിച്ചത്. ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി അടക്കമുള്ള റീമേക്ക് അവകാശങ്ങള്‍ നേരത്തെ വിറ്റു പോയിരുന്നു.

മാര്‍ച്ച് 6ന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം കോവിഡ് ലോക്ഡൗണിനിടെ പ്രദര്‍ശനം നിര്‍ത്തിവച്ചിരുന്നു. പിന്നീട് ജൂണ്‍ 22ന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുകയായിരുന്നു. ശീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. അന്യഭാഷാ താരങ്ങള്‍ വരെ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

Read more

ജീവിതത്തില്‍ നിരവധി വിഷമ സന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീര ഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്‌കരിച്ചതിനാണ് അന്ന ബെന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, ശോഭന തുടങ്ങിയവരെ പിന്തള്ളിക്കൊണ്ടായിരുന്നു അന്ന മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1,00,000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.