'ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കാം'; സ്വന്തം ജീവിതകഥ പറയുന്ന സിനിമയെ കുറിച്ച് അഞ്ജലി അമീര്‍

ട്രാന്‍സ്ജെന്‍ഡര്‍ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാവുകയാണ്. ഒരേ സമയം മലയാളത്തിലും തമിഴിലുമായിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോര്‍ജ് ആണ്. ഗോള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാരാണ് ചിത്രം നിര്‍മിക്കുന്നത്. അഞ്ജലി തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അഞ്ജലി.

“എന്റെ ജീവിത കഥ എന്നു പറയുമ്പോഴും സിനിമാറ്റിക് അംശങ്ങള്‍ കൂടി ചേര്‍ത്താണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഒരു ട്രാന്‍സ് ജെന്‍ഡറിന്റെ യഥാര്‍ത്ഥ ജീവിതവും സൗഹൃദവും പ്രണയവുമൊക്കെ ചിത്രത്തില്‍ കാണും. അത്രയും യാഥാര്‍ത്ഥ്യബോധത്തോടെയാണ് ചിത്രം ഒരുക്കുന്നത്. കാസ്റ്റിങ് പുരോഗമിക്കുകയാണ്. മലയാളത്തിലെ വലിയ താരങ്ങളുടെ സാന്നിധ്യം ചിത്രത്തില്‍ പ്രതീക്ഷിക്കാം.”

“എന്റെ ഇപ്പോഴത്തെ ജീവിതമാണോ പാസ്റ്റ് ആണോ സിനിമയില്‍ എന്നത് തല്‍ക്കാലം രഹസ്യമായിരിക്കട്ടെ. എന്തായാലും ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കാം. ഒരിക്കലും ഇതൊരു ഓഫ്ബീറ്റ് സംരംഭമല്ല. തികച്ചും കൊമേഴ്‌സ്യല്‍ ആയാണ് ചിത്രം ഒരുക്കുന്നത്. തിരക്കഥ പൂര്‍ത്തിയായി. ഞാന്‍ പൂര്‍ണമായും തൃപ്തയാണ്.” വനിതയുമായുള്ള അഭിമുഖത്തില്‍ അഞ്ജലി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനായ വി.കെ അജിത് കുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ദേശീയ അന്തര്‍ദേശീയ പുരസ്‌കാരം ലഭിച്ച നവല്‍ എന്ന ജുവല്‍ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരുന്നതും അജിത് കുമാറായിരുന്നു. അടുത്തവര്‍ഷം മെയ് പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പൊള്ളാച്ചിയിലും കോഴിക്കോട്ടും ബെംഗലുരുവിലുമായിരിക്കും ലൊക്കേഷനുകള്‍.