'ആ ഒരു ഉത്കണ്ഠയൊഴിച്ചാല്‍ ഏറെ ആസ്വദിച്ച് ചെയ്ത കഥാപാത്രം'; അയ്യപ്പന്‍ കോശി അനുഭവം പറഞ്ഞ് അനില്‍ നെടുമങ്ങാട്

പൃഥ്വിരാജും ബിജു മേനോനും ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രം അയ്യപ്പനും കോശിയും മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്.
പൃഥ്വിരാജും ബിജുമേനോനും തകര്‍ത്താടിയപ്പോള്‍ അവര്‍ക്കിടയില്‍ തലയുയര്‍ത്തി നിഷ്പക്ഷതയോടെ നിന്ന കഥാപാത്രമാണ് സി.ഐ സതീഷ്. ഈ കഥാപാത്രത്തെ മനോഹരമാക്കിയത് കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ അനില്‍ നെടുമങ്ങാടാണ്. താന്‍ ഏറെ ആസ്വദിച്ച് ചെയ്ത കഥാപാത്രമാണിതെന്നാണ് അനില്‍ പറയുന്നത്.

“കമ്മട്ടിപ്പാടത്തിന് ശേഷം ലഭിക്കുന്ന മികച്ച കഥാപാത്രമാണ് സി.ഐ സതീഷ്. 75 ദിവസത്തോളം ഷൂട്ടിങ്ങുണ്ടായിരുന്നു. ആദ്യാവസാനമുള്ള മുഴുനീള കഥാപാത്രം ലഭിക്കുന്നത് ഇതാദ്യമാണ്. സംവിധായകന്റെ മനസില്‍ സതീഷ് എന്ന കഥാപാത്രം എങ്ങനെ വേണമെന്നുള്ള വ്യക്തമായ ധാരണയുണ്ടായിരുന്നു. നടപ്പ്, സംസാരം, രീതികള്‍ തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം വ്യക്തമായി പറഞ്ഞു തന്നിരുന്നു. ഞാന്‍ അത് മനസിലാക്കി ചെയ്തു എന്നുമാത്രം. വലിയ പഠനത്തിനൊന്നും പോയിട്ടില്ല. സച്ചി ചേട്ടന്റെ മനസിലുള്ള കഥാപാത്രത്തെ ഞാന്‍ ചെയ്തു എന്നു മാത്രം.”

“ബിജു മേനോനും പൃഥ്വിരാജും പ്രോംപ്റ്റര്‍ ഇല്ലാതെ ഡയലോഗ് പറയുന്ന വ്യക്തികളാണ്. ക്ലൈമാക്‌സിലെ സംഘടനരംഗങ്ങളില്‍ ഇരുവരും ഡ്യൂപ്പിനെയും ഉപയോഗിച്ചിട്ടില്ല. കഥാപാത്രത്തിന് വേണ്ടി അത്രയധികം കഷ്ടപ്പെടുന്ന രണ്ടുപേര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഞാന്‍ കാരണം റീടേക്ക് എടുത്ത് അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ഒരു ഉത്കണ്ഠയൊഴിച്ചാല്‍ ഏറെ ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ് സി.ഐ സതീഷ്.” മനോരമയുമായുള്ള അഭിമുഖത്തില്‍ അനില്‍ പറഞ്ഞു.