കടുത്ത തലവേദന, ജീവിതം കൈവിട്ട് പോകുന്ന അവസ്ഥ; മരണത്തില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് അനീഷ് രവി

മരണത്തെ മുഖാമുഖം കണ്ട സന്ദര്‍ഭത്തെ കുറിച്ച് പറഞ്ഞ് നടന്‍ അനീഷ് രവി. തലവേദന വന്നതും പിന്നീട് ട്യൂമര്‍ ആണെന്ന് തിരിച്ചറിയുമായിരുന്നു. രണ്ട് വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷമാണ് പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്തിയത് എന്നാണ് അനീഷ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

2016-2017 കാലഘട്ടത്തില്‍ മിന്നുകെട്ട് എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴണ് കടുത്ത തലവേദന അനുഭവപ്പെട്ടത്. വേദന സംഹാരികള്‍ പലതും കഴിച്ചിട്ടും തലവേദനയ്ക്ക് മാറ്റം ഒന്നുമില്ല. ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു.

തലവേദനയ്ക്ക് ചികിത്സ നേടിയെങ്കിലും മാറ്റം ഒന്നും ഉണ്ടായില്ല. തലവേദന കാരണം എല്ലാം കൈവിട്ട് പോകുന്ന അവസ്ഥയായിരുന്നു. രോഗം എന്താണ് എന്ന് തിരിച്ചറിയാന്‍ പറ്റിയില്ല. ആ സമയത്ത് ഒന്നും വേണ്ട, അസുഖമില്ലാതെ എഴുന്നേറ്റ് നില്‍ക്കാന്‍ മാത്രം കഴിഞ്ഞാല്‍ മതി എന്നായിരുന്നു പ്രാര്‍ത്ഥന.

കരിയറും ജീവിതവും എല്ലാം പോകും എന്ന അവസ്ഥയായിരുന്നു. ഭാര്യയുടെ ചേച്ചി ഡോ. രാജലക്ഷ്മിയാണ് ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ന്യൂറോ സര്‍ജനായ ഡോ. ഈശ്വരിയുടെ അടുത്തെത്തിച്ചത്. തന്റെ തലച്ചോറില്‍ ഒരു സ്‌പോട്ട് രൂപപ്പെട്ടിട്ടുണ്ടെന്ന് മനസിലാവുന്നത് അവിടെ വച്ചാണ്.

മരണത്തിന്റെ മുഖത്ത് നിന്ന് തന്നെ രക്ഷിച്ച ഈശ്വരന്‍ തന്നെയാണ് ഡോ. ഈശ്വരി. ആ സമയത്ത് ഡോക്ടര്‍ നല്‍കിയ പിന്തുണയെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. കുഴപ്പമില്ല, ചികിസത്സിച്ച് മാറ്റാം എന്നൊക്കെയുള്ള വാക്കുകളാണ് തനിക്ക് ശക്തി നല്‍കിയത്.

രണ്ട് വര്‍ഷം നീണ്ടു നിന്ന ചികിത്സയ്ക്ക് ഒടുവിലാണ് പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തിയത്. രോഗം ഇപ്പോള്‍ പൂര്‍ണമായും മാറി എന്നാണ് അനീഷ് രവി പറയുന്നത്. മിനിസ്‌ക്രീനില്‍ ശ്രദ്ധേയനായ അനീഷിന്റെ ജനപിന്തുണ വര്‍ധിപ്പിച്ചത് കാര്യം നിസാരം എന്ന പരമ്പരയാണ്.