ഫൈറ്റ് എന്ന് പറഞ്ഞാല്‍ ടൊവിനോയ്ക്കും ഉണ്ണി മുകുന്ദനും ഭ്രാന്ത്, മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി, കൈയിലെ മുഴുവന്‍ തൊലിയും പോയി: അനീഷ് ഗോപാല്‍

ഭ്രമത്തില്‍ ഓട്ടോ ഡ്രൈവര്‍ ലോപ്പസായി മികച്ച പ്രകടനം കാഴ്ച്ച വെച്ച നടനാണ് അനീഷ് ഗോപാല്‍. ഇപ്പോഴിതാ ചിത്രീകരണ സമയത്തുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം. ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളില്‍ അഭിനയിച്ചപ്പോഴുണ്ടായ ഭയത്തെ കുറിച്ചും അപകടത്തെ കുറിച്ചുമാണ് അനീഷ് സംസാരിക്കുന്നത്. ഒപ്പം സഹതാരങ്ങളായ ഉണ്ണി മുകുന്ദനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചുമെല്ലാം അനീഷ് പറയുന്നുണ്ട്.

‘ചിത്രത്തില്‍ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. ഒരു ബില്‍ഡിംഗിന്റെ മുകളില്‍ നിന്നുള്ള രംഗമാണ്. മൂന്നാമത്തെ നിലയില്‍ നിന്ന് എന്നോട് താഴോട്ട് എടുത്തു ചാടാന്‍ പറഞ്ഞു. പണി നടക്കുന്ന കെട്ടിടമാണ്. താഴേക്ക് നോക്കിയപ്പോള്‍ ഇരുമ്പിന്റെ കമ്പിയും മറ്റുമൊക്കെയുണ്ട്. ഒന്നാമത്തെ നിലയില്‍ നിന്നും താഴേക്ക് നോക്കിയാല്‍ തല കറങ്ങുന്ന മനുഷ്യനാണ് ഞാന്‍.

എന്തായാലും വേണ്ടില്ല, ശ്രമിച്ചു നോക്കാം എന്ന നിലയില്‍ ഞാന്‍ സര്‍വശക്തിയും എടുത്ത് ചാടി. പിറകില്‍ ഒരു റോപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ. ചാടി കഴിഞ്ഞപ്പോള്‍ അയ്യോ എന്ന് പറഞ്ഞ് ആ കയറില്‍ മുറുക്കെയങ്ങ് പിടിച്ചു. നേരെ ഊര്‍ന്ന് അങ്ങ് ഇറങ്ങി. കൈയിലെ മുഴുവന്‍ തൊലിയും പോയി. നേരെ ആ വലയില്‍ പോയി കൊഞ്ച് കിടക്കുന്നതുപോലെ അങ്ങ് കിടന്നു.

പക്ഷേ ഉണ്ണിച്ചേട്ടനാണെങ്കില്‍ മൂന്നല്ല പത്താമത്തെ നിലയില്‍ നിന്ന് ചാടാന്‍ പറഞ്ഞാലും പുള്ളി ചാടും. അദ്ദേഹത്തിന് ഇതൊക്കെ ഭയങ്കര താത്പര്യം ആണ്. ഫൈറ്റ് എന്ന് പറഞ്ഞാല്‍ പുള്ളിക്ക് എന്തോ ഒരു ആക്രാന്തമാണ്. നമ്മള്‍ ഇത് കണ്ടിട്ട് ഇങ്ങനെ നോക്കി നില്‍ക്കും. ഇനിയും വേണമെങ്കില്‍ ചാടാമെന്നൊക്കെ പറയും. റോപ്പൊക്കെ കെട്ടിയിട്ട് ഒരു കുഴിലിലൂടെയൊക്കെ തലകുത്തി ചാടിമറയുന്നതൊക്കെ ഞാന്‍ ഇങ്ങനെ നോക്കി നിന്നിട്ടുണ്ട്. നമ്മളാണെങ്കില്‍ ഒരു പത്ത് ഡ്യൂപ്പെങ്കിലും വേണ്ടി വരും, അനീഷ് പറയുന്നു.