ജീവിതത്തിൽ ആരെയും വളരെ പെട്ടെന്ന് വിശ്വസിക്കരുത്: അമല പോൾ

മലയാളത്തിലും തമിഴിലുമടക്കം മികച്ച ചിത്രങ്ങൾ ചെയ്ത് ശ്രദ്ധേയയായ താരമാണ് അമല പോൾ. മലയാളത്തിൽ താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളായ ആടുജീവിതവും, ലെവൽ ക്രോസും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ എടുത്ത തീരുമാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. ജീവിതത്തിൽ ഒരുപാട് പാഠങ്ങൾ പഠിച്ചുവെന്നും ഇപ്പോഴും പുതിയ ഓരോന്നും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അമല പോൾ പറയുന്നു. –

“ജീവിതത്തിൽ ഒരുപാട് പാഠങ്ങൾ പഠിച്ചു, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ആരെയും വളരെ പെട്ടെന്ന് വിശ്വസിക്കരുത്. എല്ലാ കാര്യവും സമയമെടുത്ത് ചെയ്യണം. ഒരു ക്ലാരിറ്റി ഇല്ലാത്ത കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കരുത്.

ഭാവിയെക്കുറിച്ചാണെങ്കിലോ, ഒരു റിലേഷൻഷിപ്പാണെങ്കിലോ, കരിയർ അല്ലെങ്കിൽ ഒരു സിനിമ തിരഞ്ഞെടുക്കുന്ന കാര്യമാണെങ്കിലോ, കറക്റ്റ് ആയിട്ടുള്ള കാര്യം ആണെങ്കിൽ ക്ലാരിറ്റി ഉണ്ടാകും. അവിടെ ഒരു ആശയക്കുഴപ്പമുണ്ടാകില്ല.
നമ്മൾക്ക് തന്നെ അത് വ്യക്തമായി അറിയാൻ കഴിയും എന്താണ് ചെയ്യേണ്ടത്, ഇതാണ് ശരിയായ ആൾ എന്നതൊക്കെ.

എത്ര ആൾക്കാർ കൺഫ്യൂഷൻ ആക്കാൻ നോക്കിയാലും നമ്മുക്ക് കാര്യങ്ങൾ വ്യക്തമായിരിക്കും. അതുകൊണ്ട് സ്വന്തം മനസ്സ് പറയുന്നത് ചെയ്യുക. അതല്ലാതെ സമൂഹത്തിനു വേണ്ടിയോ, പേടി കാരണമോ, അല്ലെങ്കിൽ വീട്ടുകാർക്കു വേണ്ടിയോ, അപകർഷതാബോധം കൊണ്ടോ ഒന്നും തീരുമാനിക്കരുത്.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അമല പോൾ പറഞ്ഞത്.

അതേസമയം ആസിഫ് അലി നായകനായെത്തിയ ലെവൽ ക്രോസിൽ ശ്രദ്ധേയമായ പ്രകടനമാണ് അമല പോൾ കാഴ്ചവെച്ചിരിക്കുന്നത്. സൈക്കോളജിക്കൽ- ത്രില്ലർ ഴോൺറെയിലാണ് ചിത്രമൊരുങ്ങുന്നത്. ജീത്തു ജോസഫ് അവതരിപ്പിച്ച് നവാഗതനായ അർഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒറ്റപ്പെട്ട ഒരു വരണ്ട ഗ്രാമത്തിലെ ലെവൽ ക്രോസിൽ വാച്ച്മാനായി ജോലി ചെയ്യുന്ന യുവാവും, ട്രെയനിൽ നിന്ന് വീണ് അപകടത്തിൽപെട്ട് അതിജീവിക്കുന്ന യുവതിയും തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും അതിന്റെ തുടർച്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം.

Read more