ആറാടേണ്ട മമ്മുക്കയെ നിങ്ങള്‍ ഇല്ലാതാക്കി, വിമര്‍ശനം; തുറന്നുപറഞ്ഞ് അമല്‍ നീരദ്...!

മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ പുലി മുരുകനും ലൂസിഫറിനും പുറകില്‍ ഇടം പിടിച്ച ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം. ഏപ്രില്‍ ഒന്നിന് ഒടിടി റിലീസ് ആയി എത്തിയ ഈ ചിത്രം അതില്‍ നിന്നും മികച്ച പ്രതികരണമാണ് നേടിയത്.

ഇപ്പോഴിതാ തന്റെ ആദ്യ ചിത്രമായ ബിഗ് ബി വന്ന സമയത്തു ഉണ്ടായ വിമര്ശനങ്ങളെ കുറിച്ച് പറയുകയാണ് അമല്‍ നീരദ്. ബിഗ് ബി റിലീസായ സമയത്ത് ചിത്രത്തെ കുറിച്ച് പറഞ്ഞ ഏറ്റവും വലിയ കുറ്റങ്ങളിലൊന്ന് മലയാളിത്തം ഇല്ല എന്നായിരുന്നു എന്നും, അന്ന് താന്‍ അതിനു മറുപടി പറഞ്ഞത് നിങ്ങളുടെ പൊള്ളാച്ചി സിനിമയേക്കാള്‍ മലയാളിത്തം എന്റെ ഫോര്‍ട്ട് കൊച്ചി സിനിമയ്ക്ക് ഉണ്ടെന്നായിരുന്നെന്നും അമല്‍ പറയുന്നു.

അതുപോലെ തന്നെ ആറാടേണ്ട മമ്മൂക്കയെ ഞങ്ങള്‍ ഇല്ലാണ്ടാക്കിക്കളഞ്ഞു എന്ന ചര്‍ച്ചയാണ് സിനിമ വന്ന കാലത്തു ഉണ്ടായതെന്നും അമല്‍ നീരദ് പറയുന്നു. പിന്നീട് അഞ്ചാറു വര്‍ഷം കഴിഞ്ഞു വന്ന സിനിമാ ആസ്വാദകരുടെ തലമുറയാണ്, ബിഗ് ബിയില്‍ മമ്മുക്ക ചെയ്തത് ഭയങ്കര ബ്രില്യന്റായ ആക്ടിങ്ങോ പെര്‍ഫോമന്‍സോ ആണെന്ന് പറഞ്ഞുതുടങ്ങിയത് എന്നും അമല്‍ നീരദ് കൂട്ടിച്ചേര്‍ത്തു.