'ഇതൊരു അൽഫോൺസ് പുത്രൻ സിനിമ' എന്നാണ് ആ മഹാൻ ആകെ മൊഴിഞ്ഞ വാക്ക്; ഗോൾഡിന്റെ പരാജയത്തെ കുറിച്ച് അൽഫോൺസ് പുത്രൻ

ആദ്യ രണ്ട് ചിത്രങ്ങളായ ‘നേര’വും ‘പ്രേമ’വും സൂപ്പർഹിറ്റായതിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഗോൾഡ്’. നയൻതാരയടക്കം വൻ താരനിരയായിരുന്നു ചിത്രത്തിലുണ്ടായത്. എന്നാൽ തിയേറ്ററിൽ  സിനിമയ്ക്ക് ഫ്ലോപ്പ് സ്റ്റാറ്റസ് ആയിരുന്നു  ലഭിച്ചിരുന്നത്.

ഗോൾഡ് റിലീസിന് ശേഷം ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ താൻ സിനിമ സംവിധാനം നിർത്തുകയാണെന്ന് കുറച്ച് മാസങ്ങൾക്ക് മുന്നെ അൽഫോൺസ് പോസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ ഗോൾഡിന്റെ പരാജയത്തെ കുറിച്ച് വീണ്ടും വിശദീകരണവുമായി വന്നിരിക്കുകയാണ് അൽഫോൺസ് പുത്രൻ. ഗോൾഡ് എന്ന സിനിമ പൊട്ടിയതല്ല, പൊട്ടിച്ചതാണ് എന്നാണ് അൽഫോൺസ് പറയുന്നത്. കൂടാതെ സിനിമ റിലീസ് ആയതിന് ശേഷം തിയേറ്ററിൽ ചില മഹാന്മാർ ആളെ വെച്ച് കൂവിച്ചതാണ് എന്നും അൽഫോൺസ് പറയുന്നു.

“ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്നം, പൊട്ടിയതല്ല. റിലീസിന് മുൻപ് 40 കോടി നേടിയ ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്. അതുകൊണ്ട് തന്നെ പടം ഫ്ലോപ്പ് അല്ല. തിയേറ്ററിൽ ഫ്ലോപ്പ് ആണ്. അതിന് കാരണം ചീത്ത പബ്ലിസിറ്റിയും എന്നോട് കള്ളം പറഞ്ഞതും കണക്കുകൾ എന്നിൽ നിന്ന് മറച്ചുവെച്ചത് കൊണ്ടും, എന്നെ സഹായിക്കാതിരുന്നത് കൊണ്ടുമാണ്. പുട്ടിന് പീര ഇടുന്ന പോലെ ഒരു വാക്ക് മാത്രം, ‘ഇതൊരു അൽഫോൺസ് പുത്രൻ സിനിമയാണ്’ എന്നാണ് ആ മഹാൻ ആകെ മൊഴിഞ്ഞേക്കുന്ന വാക്ക്. ഞാൻ 7 വർക്കുകൾ ചെയ്തിട്ടുണ്ട് ആ സിനിമയിൽ. പ്രൊമോഷൻ ടൈമിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. അതുകൊണ്ട് തന്നെ ഗോൾഡ് ഫ്ലോപ്പ് ആയത് തിയേറ്ററിൽ മാത്രമാണ്. തിയേറ്ററിൽ നിന്നും പ്രേമത്തിന്റെ കാശ് കിട്ടാനുണ്ടെന്നാണ് അൻവർ ഇക്ക പറഞ്ഞത്. പിന്നെ തിയേറ്റർ ഓപ്പൺ ചെയ്ത് ആൾക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടരും ഒക്കെ പെടും. ഞാൻ പെടുത്തും.” എന്നാണ് ഫേസ്ബുക്കിലെ ഒരു കമന്റിന് മറുപടിയായി അൽഫോൺസ് പുത്രൻ പറഞ്ഞത്.

മുൻപും ഗോൾഡിനെ കുറിച്ച് അൽഫോൺസ് പുത്രൻ പറഞ്ഞിട്ടുണ്ട്. “പിന്നെ നിങ്ങൾ കണ്ട ഗോൾഡ് എന്റെ ഗോൾഡല്ല. കൊവിഡിന്റെ സമയത്ത് ചെയ്ത ലിസ്റ്റിൻ സ്റ്റീഫന്റേയും പൃഥ്വിരാജിന്റെയും സംരഭത്തിലേക്ക് എന്റെ ലോഗോ ഞാൻ ചേർത്തതാണ്. കൈതപ്രം സാർ എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ പാട്ട് എനിക്ക് ഷൂട്ട് ചെയ്യാനായില്ല. എനിക്ക് ആ പാട്ട് വളരെ ഇഷ്ടമായിരുന്നു. ആ പാട്ടിന്റെ ഷൂട്ടിനായി എന്റെ സിനിമയിലെ എല്ലാ താരങ്ങളോടും രണ്ട് ദിവസത്തെ ഡേറ്റ് ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് സംഭവിച്ചില്ല.

അതുപോലെ പല ഉപകരണങ്ങളും സൗകര്യങ്ങളും തിരക്കഥയിലുണ്ടായിരുന്നത് പോലെയായിരുന്നില്ല. ക്രോണിക് പാൻക്രിയാറ്റിസ് ബാധിച്ചത് മുതൽ ഞാൻ മെഡിറ്റേഷനിലായിരുന്നു. തിരക്കഥയും സംവിധാനവും കളറിങ്ങും എഡിറ്റിങ്ങും മാത്രമേ എനിക്ക് ചെയ്യാൻ സാധിച്ചുള്ളൂ. അതുകൊണ്ട് ഗോൾഡ് മറന്നേക്കൂ” എന്നായിരുന്നു അൽഫോൺസ് അന്ന് പറഞ്ഞത്.