'തിന്മയ്ക്ക് എതിരായ എംജിആറിന്റെ ആ യുദ്ധതന്ത്രം ചെന്നിത്തലയും ആവര്‍ത്തിച്ചു'; പദവിയെ അന്വര്‍ത്ഥമാക്കിയ പ്രതിപക്ഷ നേതാവെന്ന് ആലപ്പി അഷറഫ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എംജിആറുമായി താരതമ്യപ്പെടുത്തി സംവിധായകന്‍ ആലപ്പി അഷറഫ്. തിന്മക്കെതിരായ എംജിആറിന്റെ ആ യുദ്ധതന്ത്രങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തില്‍ ചെന്നിത്തലയും ആവര്‍ത്തിച്ചതെന്ന് ആലപ്പി അഷ്‌റഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഴിമതികള്‍ കണ്ടെത്തി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടിയ നേതാവാണ്. പ്രതിപക്ഷ നേതാവ് എന്ന പദവിയെ അന്വര്‍ത്ഥമാക്കിയ നേതാവാണ് രമേശ് ചെന്നിത്തല എന്നും സംവിധായകന്‍ പറയുന്നു.

ആലപ്പി അഷറഫിന്റെ കുറിപ്പ്:

അഴിമതിയുടെ അന്ധകാരത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തിലേക്ക് കേരള ജനതയെ നയിച്ച ജനനായകന്‍. ഇതിലും മികച്ച പ്രതിപക്ഷ നേതാവ് സ്വപ്നങ്ങളില്‍ മാത്രം. പ്രതിപക്ഷ നേതാവ് എന്ന പദവിയെ അന്വര്‍ത്ഥമാക്കിയ നേതാവാണ് “രമേശ് ചെന്നിത്തല”.

പണ്ട് തമിഴ്‌നാട്ടില്‍ കരുണാനിധിയുടെ ഭരണസമയത്ത് മക്കള്‍തിലകം എംജിആര്‍ നടത്തിയ പോരാട്ടമാണ് ഓര്‍മ്മ വരുന്നത്. അഴിമതി ഭരണത്തിന് നേരെ അദ്ദേഹം വിളിച്ചു പറഞ്ഞു എമാത്താതെ ഏമാട്രാതെ എന്ന പാട്ടിലൂടെ. അങ്കെ ഇരുട്ടുക്കുംപാക്കിട്ര മിഴിയിറുക്കും… എന്ത ശുവരുക്കും കേള്‍ക്കിന്‍ട്ര കാതിറുക്കും….ശൊല്ലാമാല്‍ കൊള്ളാമേല്‍ കാത്തിരുക്കും..തക്ക സമയത്ത് നടന്തത് എടുത്ത് വെയ്ക്കും…എന്നു വെച്ചാല്‍ ഇരുട്ടിലും കാണുന്ന മിഴികളുണ്ട്, ചുമരിലും കേള്‍ക്കുന്ന കാതുകളുണ്ട്, പറയാനും പ്രവര്‍ത്തിക്കാനും ഞാന്‍ കാത്തിരിക്കും.അവസരം ഒരുങ്ങുമ്പോള്‍ ഞാനവ ലോകത്തെ അറിയിക്കും.

തിന്മക്കെതിരായ എംജിആറിന്റെ ആ യുദ്ധതന്ത്രം നമ്മുടെ കൊച്ചു കേരളത്തില്‍ ചെന്നിത്തലയും ആവര്‍ത്തിച്ചു. അതേ.. കണ്ണിലെണ്ണയൊഴിച്ച് അദ്ദേഹം കാത്തിരുന്നു അഴിമതികള്‍ ഒന്നൊന്നായ് ആ നേതാവ് പിന്‍തുടര്‍ന്ന് കണ്ടെത്തി. യഥാസമയം അവ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടി. സ്പ്രിംഗ്ലര്‍, ബ്രൂവറി, പ്രളയഫണ്ട് തട്ടിപ്പ്, കടല്‍കൊള്ള, സ്വര്‍ണകടത്ത്, ബന്ധുനിയമനം അങ്ങനെ അങ്ങനെ നിരവധി നിരവധി വെറളി പിടിച്ച അഴിമതിയുടെ അപ്പോസ്തലന്മാര്‍ പ്രതിരോധത്തിന് പിആര്‍ കിങ്കരമാരെ അണിനിരത്തി. അവര്‍ കൊളുത്തിയ തീയില്‍ പിന്നീട് സംഭവിച്ചത് “”ലങ്കാദഹനം””.അഴിമതിക്കാര്‍ ഒന്നൊന്നായ് നില്ക്കക്കള്ളിയില്ലാതെ എല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ടൊടുന്ന കാഴ്ച.

ഇനി എംജിആറിന്റെ മറ്റൊരു പാട്ടിലെ വരികളിലേക്ക് വീണ്ടും വരാം..””നാന്‍ ആണയിട്ടാല്‍ അത് നടന്തു വിട്ടാല്‍..”” എന്ന ഗാനത്തിലേത്. എതിര്‍ കാലം വരും.. എന്‍ കടമൈ വരും.. ഇന്ത കൂട്ടത്തില്‍ ആട്ടത്തെ ഒഴിപ്പേന്‍…പൊതു നീതിയിലെ…പുതു പാതയിലെ ..വരും നല്ലോര്‍ മുഖത്തിനെ മിഴിപ്പേന്‍…എന്റെ കാലം വരും അന്നു ഞാന്‍ എന്റെ കടമ നിര്‍വ്വഹിക്കും..

ഈ അഴിമതി കൂട്ടത്തെ ഞാന്‍ ആട്ടിപ്പായിക്കും. പൊതു നീതിയുടെ പുതിയൊരു പാതയില്‍ എന്റെ പുഞ്ചിരിക്കുന്ന മുഖവും നിങ്ങള്‍ക്ക് കാണാം..ഈ പാട്ടുകള്‍ മക്കള്‍ തിലകത്തിന് വേണ്ടി എഴുതിയതാണങ്കിലും കാലം രമേശിനായ് കൂടി കാത്തു വെച്ചതാണന്ന് തോന്നും. ജനത്തോടുള്ള തന്റെ കടമ കൃത്യമായ് നിറവേറ്റിയ രമേശ് ചെന്നിത്തലയ്ക്ക് കരുത്തോടെ മുന്നേറാന്‍ നമുക്ക് കൈകോര്‍ത്ത് പിന്തുണയേകാം.