അങ്ങനൊരു ഗതികേട് ഞങ്ങള്‍ക്ക് ഇല്ല, രാഷ്ട്രീയം പറയാതെ സിനിമ ഓടിക്കാം..; 'സംഘി' വിമര്‍ശനങ്ങളോട് ഐശ്വര്യ രജനികാന്ത്

പലപ്പോഴും ചര്‍ച്ചയായിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇനി ഇറങ്ങുന്നില്ല എന്ന് തീരുമാനമെടുത്ത താരമാണ് രജനികാന്ത്. അടുത്തിടെ തന്റെ അച്ഛന്‍ സംഘി അല്ല എന്ന് പറഞ്ഞു കൊണ്ടുള്ള മകള്‍ ഐശ്വര്യ രജനികാന്തിന്റെ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. തന്റെ സംവിധാനത്തില്‍ എത്തുന്ന ‘ലാല്‍ സലാം’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഐശ്വര്യ സംസാരിച്ചത്.

ഇത് ഐശ്വര്യയുടെ മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന കമന്റുകളും പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ ധൈര്യം നല്‍കിയാണ് അച്ഛന്‍ തങ്ങളെ വളര്‍ത്തിയത് എന്നാണ് ഐശ്വര്യ പറയുന്നത്.

തന്ത്രം പ്രയോഗിച്ചോ സിനിമയില്‍ രാഷ്ട്രീയം പറഞ്ഞോ വിശ്വാസമില്ലാത്ത കാര്യം അഭിനയിച്ചോ സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം പ്രചരിപ്പിക്കേണ്ട ആവശ്യമില്ല. ഒരു രാഷ്ട്രീയവും സംസാരിക്കാത്ത ജയിലര്‍ ഹിറ്റായിട്ടുണ്ട് എന്നാണ് സംവിധായിക പറയുന്നത്.

ലാല്‍സലാം സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു രജനികാന്ത് സംഘി അല്ലെന്ന് ഐശ്വര്യ പറഞ്ഞത്. സംഘി എന്നുള്ള വിളി തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഐശ്വര്യ അഭിപ്രായപ്പെട്ടിരുന്നു. സംഘി അല്ലാത്തത് കൊണ്ടാണ് ലാല്‍ സലാമില്‍ രജനികാന്ത് അഭിനയിച്ചതെന്ന ഐശ്വര്യയുടെ വാക്കുകള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

എന്നാല്‍ സംഘി എന്നത് മോശം പദമല്ല എന്ന് പറഞ്ഞ് മകളുടെ വാക്കുകളോട് പ്രതികരിച്ച് രജനികാന്ത് രംഗത്തെത്തിയിരുന്നു. ”സംഘി എന്നത് ഒരു മോശം പദമല്ല. അതൊരു മോശം പദമാണെന്നും അവള്‍ പറഞ്ഞിട്ടില്ല.”

”അച്ഛന്‍ ആത്മീയ വഴിയിലായിരിക്കുമ്പോള്‍ എല്ലാവരും അച്ഛനെ എന്തുകൊണ്ടാണ് സംഘി എന്ന് വിളിക്കുന്നത് എന്നതിലുള്ള സങ്കടം കൊണ്ടാണ് അവള്‍ അങ്ങനെ പറഞ്ഞത്” എന്നായിരുന്നു ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് മാധ്യമങ്ങളോട് രജനികാന്ത് പറഞ്ഞത്.