എന്നോട് ഇരുപതിനായിരം രൂപ കടം ചോദിച്ച നിര്‍മ്മാതാവ് ഉണ്ട്, ദാരുണമായ അവസ്ഥ: തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

ഒ ടി ടിയില്‍ റിലീസ് ചെയ്യണം എന്ന് ഒരു നിര്‍മ്മാതാവ് തീരുമാനിച്ചാല്‍ താന്‍ അദ്ദേഹത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് നടി ഐശ്വര്യ ലക്ഷ്മി . മറിച്ചാണെങ്കിലും അതെ. അവിടെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തനിക്ക് അഭിപ്രായമില്ല എന്ന് ഐശ്വര്യ പറഞ്ഞു. ചെന്നൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ.

രണ്ട് വര്‍ഷത്തിലേറെയായി തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. ഇടയ്ക്ക് ചെറിയൊരു സമയം തുറന്ന് പ്രവർത്തിച്ചിരുന്നുവെങ്കിലും, കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒ ടി ടി എന്ന ഒരു സാദ്ധ്യത ഇല്ലായിരുന്നുവെങ്കില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ എത്രയോ ചിത്രങ്ങള്‍ കെട്ടിക്കിടന്ന് നിന്നേനെ. എന്തായാലും തിയേറ്ററുകള്‍ അടഞ്ഞു കിടന്നപ്പോള്‍ ഒ ടി ടി (Over The Top) പ്ലാറ്റ് ഫോമുകള്‍ സജീവമായി. പക്ഷെ അത് നിര്‍മ്മാതാക്കളെയും സിനിമാക്കാരെയും സംബന്ധിച്ച് എത്രത്തോളം സംതൃപ്തി നല്‍കി എന്ന് പറയാന്‍ സാധിയ്ക്കില്ല.

ഒ ടി ടിയില്‍ റിലീസ് ചെയ്യണം എന്ന് ഒരു നിര്‍മ്മാതാവ് തീരുമാനിച്ചാല്‍ ഞാന്‍ അദ്ദേഹത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കും കാരണം കോടികള്‍ മുടക്കിയാണ് ഒരു നിര്‍മ്മാതാവ് സിനിമ ചെയ്യുന്നത്. അദ്ദേത്തിന് വലിയ പ്രതീക്ഷയുണ്ടാവും. സിനിമ റിലീസ് ആകാതിരുന്നാല്‍ സാമ്പത്തികമായി എന്നെ അത് ബാധിയ്ക്കുകയില്ല. പക്ഷെ അദ്ദേഹത്തിന്റെ കാര്യം അതല്ല. എനിക്ക് അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയില്ല എങ്കില്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിയേറ്ററുകള്‍ തുറക്കുന്നത് വരെ കാത്തിരിയ്ക്കൂ എന്ന് എനിക്ക് അദ്ദേഹത്തോട് പറയാന്‍ സാധിയ്ക്കില്ല. അതുകൊണ്ട് സിനിമ ഒ ടി ടിയില്‍ റിലീസ് ചെയ്യുന്നതിനെ ഞാന്‍ ഒരിക്കലും എതിര്‍ക്കില്ല.

തിയേറ്ററുകള്‍ തുറക്കാതിരുന്നാല്‍ അത്  മൊത്തം സിനിമാക്കാരുടെയും നിലനില്‍പിനെ ബാധിയ്ക്കും. എന്റെ സിനിമകളുടെ കാര്യം എടുക്കുകയാണെങ്കില്‍, എന്റെ നിര്‍മ്മാതാവിന്റെ താത്പര്യം എന്താണോ അതിനൊപ്പം ഞാന്‍ നില്‍ക്കും. സിനിമയ്ക്ക് വേണ്ടി പണം നിക്ഷേപിച്ച് കടം കയറി, എന്നോട് ഇരുപതിനായിരം രൂപ കടം ചോദിച്ച നിര്‍മ്മാതാവ് ഉണ്ട്. കോടികള്‍ ഒരു സിനിമയ്ക്ക് വേണ്ടി നിക്ഷേപിച്ച നിര്‍മ്മാതാവാണ് സ്വന്തം ചെലവിന് പൈസ ഇല്ലാതെ കടം ചോദിയ്ക്കുന്നത്. വളരെ ദാരുണമാണ് അവസ്ഥ. ഐശ്വര്യ പറഞ്ഞു.