വെളുത്തുതുടുത്ത ഒരു പയ്യൻ വന്ന് അസിസ്റ്റൻറ് ഡയറക്ടർ ആക്കണമെന്ന് പറഞ്ഞു, പക്ഷേ അവനെ ഞാൻ നായകനാക്കി: ലാൽ ജോസ്

ഫഹദ് ഫാസിൽ എന്ന നടന്റെ വളർച്ചയെ മലയാള സിനിമ ലോകം എപ്പോഴുമൊരു കുറ്റബോധത്തോടെയാണ് ഓർക്കുന്നത്. 2002 ൽ കയ്യത്തും ദൂരത്ത് എന്ന സിനിമയിലൂടെയാണ് നായകനായി ഫഹദ് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ അഭിനയത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളാണ് ഫഹദ് നേരിട്ടത്.

ആദ്യ സിനിമയ്ക്ക് ശേഷം ഒൻപത് വർഷങ്ങളുടെ ഇടവേളയാണ് ഫഹദ് എടുത്തത്. 2009 ൽ കേരള കഫെ എന്ന ആന്തോളജി ചിത്രമാണ് തിരിച്ചുവരവിന് ശേഷം ഫഹദ് ചെയ്ത ആദ്യ സിനിമ.ഇപ്പോഴിതാ ഫഹദിന്റെ തിരിച്ചുവരവിനെ കുറിച്ചും ആ സമയത്ത് ഫഹദ് ഫാസിലുമായുണ്ടായ അനുഭവത്തെ കുറിച്ചും തുറന്നു പറയുകയാണ് സംവിധായകൻ ലാൽ ജോസ്.

“ഫഹദുമായി എനിക്ക് കുറേ കാലത്തെ സൗഹൃദമുണ്ട്. കുറച്ചുവർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെ പഠനം കഴിഞ്ഞ് തിരച്ചെത്തി എന്റെയടുത്ത് വന്ന് അസിസ്റ്റന്റ് ഡയറക്ടറാവണം എന്ന് പറഞ്ഞു. വെളുത്ത് ചുവന്ന് ആപ്പിൾ പോലിരിക്കുന്ന ആൾ അസിസ്റ്റന്റ് ഡയറക്ടറായി കറുക്കുകയൊന്നും വേണ്ട നിന്നെ ഞാൻ നായകനാക്കാമെന്ന് പറഞ്ഞു. പോ ചേട്ടാ കളിയാക്കാതെ എന്നാണ് ഫഹദ് അപ്പോൾ പറഞ്ഞത്.

ചാപ്പാകുരിശ് പോലെയുള്ള സിനിമകളിൽ അഭിനയിക്കുന്നതിന് മുന്നെ ഫഹദിനെ വെച്ച് ഒരു സിനിമ ചെയ്യാൻ ഞാൻ പ്ലാൻ ചെയ്തിരുന്നു. ‘മദർ ഇന്ത്യ’ എന്നായിരുന്നു സിനിമയുടെ പേര്. രേവതിയും ശോഭനയും ലീഡ് ചെയ്യുന്ന ഒരു സിനിമ. ഫഹദ് ആയിരുന്നു ആ സിനിമയിലെ നായകനും വില്ലനും. പക്ഷേ ഫഹദ് ആണ് നായകൻ എന്ന് പറഞ്ഞപ്പോൾ പ്രൊഡ്യൂസർമാർ പിന്മാറി. ” സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാൽ ജോസ് ഈ അനുഭവം പങ്കുവെച്ചത്.

ലാൽ ജോസ് സംവിധാനം ചെയ്ത് ഫഹദ് നായകനായെത്തിയ ‘ഡയമണ്ട് നെക്ലേസ്’ 2012 ലാണ് പുറത്തിറങ്ങുന്നത്. ഫഹദ് എന്ന നടന്റെ കഴിവ് മലയാള സിനിമയിൽ അടയാളപ്പെടുത്തുന്നതിൽ ഡയമണ്ട് നെക്ലേസിന് വലിയ പങ്കുണ്ടായിരുന്നു.