അവര്‍ വേര്‍പിരിഞ്ഞു, എന്നാല്‍ അവരുടെ പേരുകള്‍ ഞാന്‍ ഒപ്പം ചേര്‍ത്തു..: അദിതി റാവു ഹൈദരി

തന്റെ മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് സംസാരിച്ച് നടി അദിതി റാവു ഹൈദരി. അച്ഛന്റെയും അമ്മയുടെയും പേരുകള്‍ തന്റെ പേരിനൊപ്പം ചേര്‍ത്തതിനെ കുറിച്ച് പറഞ്ഞാണ് അദിതി സംസാരിച്ചത്. താന്‍ വളര്‍ന്നതിനെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചുമെല്ലാം അദിതി സംസാരിക്കുന്നുണ്ട്. അഹ്‌സന്‍ ഹൈദരി, വിദ്യ റാവു എന്നിവരാണ് അദിതിയുടെ മാതാപിതാക്കള്‍.

അദിതിക്ക് രണ്ട് വയസുള്ളപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞത്. ”മാതാപിതാക്കള്‍ വേര്‍പിരിഞ്ഞെങ്കിലും രണ്ട് പേരുടെയും പേര് ഒപ്പം ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്റെ രണ്ട് കുടുംബത്തിന്റെ രണ്ട് വശവും രസകരമാണ്. ഈ രണ്ട് വ്യക്തികളില്‍ നിന്നുണ്ടായ ആളാണ് ഞാന്‍. അവര്‍ ഒരുമിച്ചായിരിക്കില്ല. പക്ഷെ അവരില്‍ നിന്നാണ് താന്‍ വന്നത്.”

”അതിനാല്‍ രണ്ട് പേരുടെയും പേരുകള്‍ ഞാന്‍ എടുക്കുകയായിരുന്നു. ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി ഗായികയാണ് അമ്മ വിദ്യ റാവു. അമ്മയുടെ സംഗീതം വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. തംബുരുവിന്റെ ശബ്ദം അമ്മയുടെ ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ മുതല്‍ കേട്ടിട്ടുണ്ടാകണം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ തംബുരു വായിച്ചിട്ടുണ്ട്.”

”തംബുരുവിന്റെ ശബ്ദം എനിക്ക് സാധാരണയാണ്. എന്റെ തലയില്‍ നിരന്തരം മുഴങ്ങുന്ന അനശ്വര ശബ്ദമാണത്. അഞ്ചാം വയസ് മുതല്‍ ഡാന്‍സ് ചെയ്യുന്ന ആളാണ് ഞാന്‍. അച്ഛനൊപ്പമല്ല, അമ്മയുടെ കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. പക്ഷെ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അദ്ദേഹം നല്ല വ്യക്തിയാണ്” എന്നാണ് അദിതി പറയുന്നത്.

അതേസമയം, ‘ഹീരാമണ്ഡി’യിലെ അഭിനയത്തിലൂടെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് അദിതി. സഞ്ജയ് ലീല ബന്‍സാലിയുടെ പ്രോജക്ടില്‍ രണ്ടാം തവണയാണ് അദിതിക്ക് ശ്രദ്ധേയ വേഷം ലഭിക്കുന്നത്. ‘പദ്മാവത്’ എന്ന ചിത്രത്തിലും അദിതി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ വിവാഹിതയാകാനുള്ള തയാറെടുപ്പിലാണ് അദിതി. അടുത്തിടെയാണ് അദിതിയും നടന്‍ സിദ്ധാര്‍ത്ഥും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്.