മൂത്രം ഒഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുക എന്നതിനേക്കാള്‍ ഭീകരമായ ഒന്ന് വേറെയില്ല: ശ്രിന്ദ

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തില്‍ അസംഘടിതര്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് നടി ശ്രിന്ദ. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ അസംഘടിതര്‍ സംവിധായിക കുഞ്ഞില മസിലാമണിയാണ് ഒരുക്കിയത്.

കുഞ്ഞില തന്നോട് കഥ പറഞ്ഞപ്പോള്‍ തന്നെ ഈ സിനിമ ചെയ്യണം എന്നാണ് തോന്നിയെന്ന് ശ്രിന്ദ പറയുന്നു. തുണിക്കടയിലും മറ്റും ജോലി ചെയ്യുന്ന അസംഘടിതരായ തൊഴിലാളികള്‍ മൂത്രപ്പുരയ്ക്ക് വേണ്ടി നടത്തിയ സമരത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

തിരക്കഥ നേരത്തെ അയച്ചു തന്നിരുന്നു. കാലിക പ്രസക്തിയുള്ള വിഷയമാണ്. അങ്ങനെയുള്ള ഒരു വിഷയം സംസാരിക്കുന്ന സിനിമയാവുമ്പോള്‍ തീര്‍ച്ചയായും അതിന്റെ ഭാഗമാവണമെന്ന് തോന്നി.

യഥാര്‍ത്ഥ ജീവിതത്തിലും അസംഘിതരുടെ സമരം നയിച്ച വിജി പെണ്‍കൂട്ടും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സമരനായികയായി തന്നെയാണ് വിജിയും എത്തിയിരിക്കുന്നത്. വിജി ചേച്ചി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

യഥാര്‍ത്ഥ സംഭവത്തെ കുറിച്ച് കൂടുതലറിയാനായി വിജി ആ സമയത്ത് അവര്‍ നേരിട്ടിരുന്ന വെല്ലുവിളികളും മറ്റും പങ്കുവയ്ക്കുമായിരുന്നു. ചില രംഗങ്ങളെടുക്കുമ്പോള്‍ ചേച്ചിയും നന്നായി വിശദീകരിച്ച് തരുമായിരുന്നു. വിജി ചേച്ചി അവരായി തന്നെയാണ് അഭിനയിച്ചത്.

ഭക്ഷണവും വെള്ളവുമെല്ലാം മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളാണ്. മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുക എന്നതിനേക്കാള്‍ ഭീകരമായ ഒന്ന് വേറെയില്ല. പ്രാഥമികമായ ആവശ്യങ്ങള്‍ ഉപേക്ഷിക്കുക എന്ന് പറഞ്ഞാല്‍ തന്നെ കൊടും ഭീകരതയാണ് എന്നാണ് ശ്രിന്ദ പറയുന്നത്.