നയന്‍താര പോലും കറിവേപ്പില പോലെ, നായകന്റെ കൂടെ നാലോ അഞ്ചോ സീനില്‍ മാത്രം കാണും: ഷീല

പഴയ കാലത്തേ പോലെ നല്ല കഥാപാത്രങ്ങള്‍ ഇന്നത്തെ നടിമാര്‍ക്ക് ലഭിക്കുന്നില്ലെന്ന് നടി ഷീല. നല്ല കഴിവുള്ളവരാണ് ഇന്നത്തെ നടിമാരെങ്കിലും അവര്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നും നയന്‍താര പോലും കറിവേപ്പില പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനില്‍ മാത്രമാണ് വന്ന് പോകുന്നതെന്നും ഷീല പറയുന്നു.

“ഇപ്പോഴത്തെ പെണ്‍കുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്. എന്നിട്ടെന്താ? ഞങ്ങളുടെ കാലത്തേതുപോലെ നല്ല കഥാപാത്രങ്ങളെ കിട്ടുന്നുണ്ടോ? നായികയായി അഭിനയിക്കുന്ന സൂപ്പര്‍താരം നയന്‍താര പോലും കറിവേപ്പില പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനില്‍ കാണും. പിന്നെ കാണില്ല. ഇപ്പോള്‍ എത്ര സ്ത്രീകള്‍ തിയറ്ററില്‍ പോയി സിനിമ കാണുന്നു? എല്ലാവരും സീരിയലിനു മുന്നിലല്ലേ?”

“ഞങ്ങളുടെയൊക്കെ കാലത്ത് നായികമാര്‍ക്കു വണ്ണം വേണം. ശരീരപുഷ്ടി വളര്‍ത്താന്‍ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിനു പുറമെ ഇന്‍ജക്ഷനും എടുക്കും. ഇന്നു നടികള്‍ പട്ടിണി കിടന്നു വണ്ണം കുറയ്ക്കുന്നു. സങ്കടം തോന്നും. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം? ഇഷ്ടമുള്ളതു വയറു നിറയെ കഴിക്കാന്‍ യോഗമില്ല.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഷീല പറഞ്ഞു.