അയാൾ എന്റെ ചിത്രത്തിൽ ഹൽവ വെച്ച് ആരാധിക്കും, കയ്യിൽ പച്ച കുത്തിയത് കാണിച്ചു തന്നത് രജനി സാർ ആണ്: രംഭ

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു രംഭ. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിലും രംഭ സജീവമായിരുന്നു. ചടുലമായ നൃത്ത ചുവടുകൾ കാഴ്ചവെക്കുന്ന ഗാനരംഗങ്ങൾ രംഭ സിനിമായിലുടനീളം ചെയ്തിട്ടുണ്ട്. പിന്നീട് ഒരു കാലം കഴിഞ്ഞ് രംഭ സിനിമയിൽ നിന്നും ഇടവേളയെടുത്തു.

ഇപ്പോഴിതാ സിനിമയിൽ സജീവമായിരുന്ന കാലത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് രംഭ. ഒരു ആരാധകൻ തന്റെ ചിത്രത്തിൽ ഹൽവ വെച്ച് ആരാധിച്ചിരുന്നെന്നും തന്റെ പേര് ശരീരത്തിൽ പച്ച കുത്തിയിരുന്നെന്നും രംഭ പറയുന്നു.

“എന്റെ സിനിമകളിൽ പ്രവർത്തിച്ച ഒരു ലൈറ്റ്മാൻ എന്റെ പേര് പച്ച കുത്തി. എല്ലാ ദിവസവും എന്റെ ഫോട്ടോയ്ക്ക് ഹൽവ സമർപ്പിക്കും. അരുണാചലം എന്ന സിനിമയുടെ സെറ്റില്‌‍ വെച്ച് സൂപ്പർതാരം രജിനികാന്ത് ആണ് ആരാധകനെക്കുറിച്ച് എന്നോട് പറഞ്ഞത്.

രജിനി സർ ലൈറ്റ് മാനെ വിളിച്ച് പച്ച കുത്തിയത് എന്നെ കാണിച്ചു. തമിഴിലായിരുന്നു എഴുതിയത്. എനിക്ക് തമിഴ് വായിക്കാനറിയില്ല. ഇതെന്റെ പേര് ആണെന്ന് എങ്ങനെ വിശ്വസിക്കുമെന്ന് ഞാൻ ചോദിച്ചു. അദ്ദേഹത്തിന് വിഷമമായി. മാം, നിങ്ങളുടെ പേര് തന്നെയാണെന്ന് പറഞ്ഞു. രംഭയെന്ന് തമിഴിൽ എഴുതുക ഇങ്ങനെയാണെന്ന് അന്നാണ് എനിക്ക് മനസിലായത്.

ഞങ്ങൾക്ക് പച്ചക്കറികൾ മാത്രമായിരുന്നു അന്ന് ഡയറ്റിൽ ഉണ്ടായിരുന്നത്. ഇപ്പോൾ കുറഞ്ഞത് ചിക്കനെങ്കിലും ഡയറ്റിൽ ഉൾപ്പെടുത്താം. അന്ന് പച്ചക്കറികൾ ചൂടാക്കി ഉപ്പും കുരുമുളകും ഇട്ട് തരും. കണ്ണടച്ച് കഴിക്കണം. അന്നൊക്കെ ഡയറ്റിം​ഗിനെക്കുറിച്ച് കൃത്യമായി അറിയില്ലായിരുന്നു.

അന്ന് സിനിമകളുടെ ഓഫർ വരുമ്പോൾ എനി​ക്കെത്ര ​ഗാനരം​ഗങ്ങളുണ്ട്, ആ നടിക്ക് എത്ര ​ഗാനരം​​ഗങ്ങളുണ്ട് എന്ന് ചോദിക്കും. കോസ്റ്റ്യൂമുകളെക്കുറിച്ചും ചോദിക്കും. അല്ലാതെ തയ്യാറെടുപ്പൊന്നുമില്ല. ഇന്നൊക്ക നടിമാർക്ക് കാരവാനുണ്ട്. അന്ന് ഞങ്ങൾ ഏതെങ്കിലും വീട്ടിൽ പോയാണ് കോസ്റ്റ്യൂം മാറ്റണം. അവിടെ പോകാനും വരാനുമൊക്കെ സമയമെടുക്കും. സുരക്ഷിതവുമല്ല.

അതിനാൽ കർട്ടൺ കൊണ്ട് നാല് ഭാ​ഗവും മറച്ച് ഷൂട്ടിം​ഗ് സ്പോട്ടിൽ നിന്നാണ് വസ്ത്രം മാറുക. വാഷ്റൂമില്ല. ഇന്ന് കാരവാനും ഫെെവ് സ്റ്റാർ ഹോട്ടൽ സൗകര്യങ്ങളുമുണ്ടെന്ന് രംഭ ചൂണ്ടിക്കാട്ടി. ഇത്ര സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിലും ഞങ്ങൾ നന്നായി അധ്വാനിച്ചു. അതൊക്കെ നല്ല അനുഭവങ്ങളാണ്.” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രംഭ പറഞ്ഞത്.