ഒരാളെ ഇന്‍സള്‍ട്ട് ചെയ്യാന്‍ വേണ്ടി മനഃപൂര്‍വ്വം ചെയ്യുന്നതാണ്, അന്ന് ഒരാളെ തല്ലിയിട്ടുണ്ട്: രചന നാരായണന്‍കുട്ടി

ട്രോളുകളെ താന്‍ അത്ര കാര്യമായി എടുക്കാറില്ലെന്നും അത് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുന്നുണ്ടെങ്കില്‍ തനിക്ക് കുഴപ്പമില്ലെന്നും നടി രചന നാരായാണന്‍കുട്ടി. ആദ്യമൊക്കെ ചില ട്രോളുകള്‍ പരിധി കടക്കുന്നതായി തോന്നിയിട്ടുണ്ടെന്നും രചന ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആദ്യമൊക്കെ ചില ട്രോളുകള്‍ പരിധി കടക്കുന്നതായി തോന്നിയിട്ടുണ്ട്. പിന്നെ ‘ട്രോള്‍’ എന്ന പേരില്‍ തന്നെ ഉണ്ടല്ലോ. അത് ഒരാളെ ഇന്‍സള്‍ട്ട് ചെയ്യാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്യുന്നതാണ്. അപ്പൊ അത് ചെയ്യുന്നവര്‍ക്കും കാണുന്നവര്‍ക്കും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടട്ടെ. തനിക്ക് ഒരു കുഴപ്പവുമില്ല.

അത് തന്നെ ബാധിച്ചിട്ടൊന്നുമില്ല. ചിലത് നല്ല രസമാണ്, നന്നായി എഡിറ്റ് ചെയ്ത് പുറത്തിറക്കുമ്പൊ ആലോചിക്കും, ഇതിന് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമല്ലോ എന്ന്. അപ്പൊ നമ്മളും അത് ആസ്വദിക്കും. അതിനെ വലിയ സംഭവമായി ഒന്നും കാണാറില്ലെന്നും രചന പറയുന്നു. ആര്‍ജെ ആയി ജോലി ചെയ്യുന്ന സമയത്ത് ഒരാളെ തല്ലിയിട്ടുണ്ടെന്നും താരം പറയുന്നു.

രാവിലെ നേരത്തേ ജോലിക്ക് പോകുന്ന സമയത്ത് ഒരു ദിവസം ബസില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ മോശമായി പെരുമാറി. അയാളെ അടിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. നമ്മള്‍ ഇങ്ങനെയൊക്കെ ചെയ്താലും പെട്ടെന്ന് ആ ഒരു സമയത്ത് ഷോക്ക് ആവും. പിന്നെ ‘എന്താണ് ആള്‍ക്കാര്‍ ഇങ്ങനെ’ എന്ന ചിന്ത വരും എന്നും രചന വ്യക്തമാക്കി.