'ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ കുറവാണ്, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരാണ് ഇന്ന് പ്രതീക്ഷ നല്‍കുന്നത്'; ലക്ഷ്മി പ്രിയ

സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ മലയാളത്തില്‍ കുറവാണെന്ന് നടി ലക്ഷ്മി പ്രിയ. കുടുംബ ജീവിതത്തിലും സാമൂഹിക അന്തരീക്ഷത്തിലും മാറ്റി നിര്‍ത്തപ്പെടാത്ത സ്ത്രീയെ സിനിമയില്‍ മാറ്റി നിര്‍ത്തുന്നതായും അവര്‍ പറഞ്ഞു. കപ്പ ടിവിയുമായുള്ള അഭിമുഖത്തിലാണ് ലക്ഷ്മി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

“സ്ത്രീപക്ഷ സിനിമകള്‍ ഇവിടെ കുറവാണ്. ഒരു വലിയ സിനിമയാണെങ്കില്‍ പോലും ആകെ അഞ്ചോ ആറോ ദിവസം മാത്രമേ ഷൂട്ട് ഉണ്ടാകാറുള്ളൂ. കല്‍പ്പന ചേച്ചി, ഉര്‍വശി ചേച്ചി എന്നിവര്‍ക്കെല്ലാം ശക്തമായ കഥാപാത്രങ്ങള്‍ അന്നത്തെ സംവിധായകര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് അങ്ങിനെ സംഭവിക്കുന്നില്ല. സിനിമ ഇന്ന് ഞാനും നീയും എന്ന അവസ്ഥയിലേക്ക് ഒതുങ്ങി. ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ സംവിധായകരാണ് ഇന്ന് നമുക്ക് പ്രതീക്ഷ നല്‍കുന്നത്.” ലക്ഷ്മി പറഞ്ഞു.

“തീരുമാനം” എന്ന സിനിമയിലൂടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ലക്ഷ്മി പ്രിയ. “രണ്ട് വര്‍ഷം ഞാന്‍ സിനിമയില്‍ നിന്ന് മാറി നിന്നു. എനിക്കൊരു പെണ്‍കുഞ്ഞു പിറന്നു. കുഞ്ഞിന്റെ വളര്‍ച്ച കാണാന്‍ വേണ്ടി ഞാന്‍ ഒരു ഇടവേളയെടുത്തു. അങ്ങനെയിരിക്കെയാണ് തീരുമാനം എന്ന സിനിമ എന്നെ തേടിയെത്തിയത്. ഒരു നടി എന്ന നിലയില്‍ എനിക്ക് സമൂഹത്തിന് വേണ്ടി ഒരു നല്ല സന്ദേശം നല്‍കാന്‍ ഈ ചിത്രത്തിലൂടെ സാധിക്കുമെന്ന് തോന്നി.” ലക്ഷ്മി പറഞ്ഞു.