മഴക്കാലം വേദനകളുടേതാണ്! ആദ്യം അച്ഛൻ, പിന്നീട് ലോഹിസാര്‍; ഹൃദയസ്പർശിയായി  ഭാമയുടെ കുറിപ്പ്

പതിനൊന്നാം ചരമവാര്‍ഷികത്തിൽ ലോഹിതദാസിനെ അനുസ്മരിച്ച്
നിരവധി താരങ്ങളാണ് അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹം ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിൽ നായികയായി മലയാളത്തിലേക്കെത്തിയ നടി ഭാമ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്.

അമരാവതിയിലെ നനഞ്ഞ പൂവ് എന്ന് തലക്കെട്ട് നൽകിക്കൊണ്ടാണ് ഭാമയുടെ കുറിപ്പ്. ജൂൺ മാസത്തിനെപ്പോഴും മഴയുടെ ഗന്ധമാണുള്ളത്. മുൻപൊക്കെ മഴക്കാലമാകുമ്പോൾ വേദന നിറഞ്ഞ ഓർമ്മകൾ ആവും മനസ്സിലേക്കു വരിക. കാരണം, വര്‍ങ്ങള്‍ക്ക് മുൻപുള്ള ഒരു മഴക്കാലത്താണ്, ജൂൺ 12 നാണ് എന്‍റെ അച്ഛനെ എനിക്ക് നഷ്ടമാകുന്നത്. പിന്നീട് വർഷങ്ങൾക്കിപ്പുറം ജൂൺ 28 ന് പിതൃതുല്യനായ ഗുരു “ലോഹിസാറും” കടന്നുപോയി ! പിന്നീട് കടന്നു വരുന്ന ഓരോ ജൂണിലെ മഴയും കാറ്റും കൊണ്ടുവരുന്നത് ഈ ഓര്‍മ്മകളെയായിരുന്നു, ഭാമ കുറിച്ചിരിക്കുകയാണ്.

സിനിമ എന്നിലേക്കു എത്തിച്ചേരുക ആയിരുന്നു. അതും “ലോഹിതദാസ് ” എന്ന അതുല്യപ്രതിഭയിലൂടെ!

അദ്ദേഹത്തിന്‍റെ ഒരു ഫോൺ കോളിലൂടെ! എന്‍റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും വിജയത്തിനും സന്തോഷങ്ങൾക്കും കാരണമായ, അനുഗ്രഹമായ ആ സിനിമ, നിവേദ്യം എന്ന ചിത്രം!

ഒരുപാട് നന്ദി …സാറിനും കുടുംബത്തിനും!

ഇന്നും ഓർക്കുന്നു ലോഹിസാറും, ഒറ്റപ്പാലവും, ലക്കിടിയും, അമരാവതിയുമെല്ലാം. അമരാവതിയുടെ ഇളംതണുപ്പും, പച്ചപായലിന്‍റെ മണവും പിന്നെ “വിശാലം ചേച്ചി” ഉണ്ടാക്കിയിരുന്ന നല്ല ചൂടുകഞ്ഞിയുടെയും പപ്പടത്തിന്‍റെയും മണം ഓർമകളായി ഇന്നും മനസ്സിലേക്ക് കടന്നു വരുന്നു. ഒപ്പം ആ വീടിനു മുന്നിലെ ചാരുകസേരയിൽ എവിടെയൊക്കെയോ പഴയതും പുതിയതുമായ കഥാപാത്രങ്ങളെ ആലോചിച്ചിരിക്കുന്ന ലോഹിസാർ എന്ന യോഗിയേയും, ഒരിക്കലും മായാത്ത ഓർമ്മകൾ….ഭാമ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.