എന്നെ മാത്രമല്ല, അമ്മയെ പോലും അവര്‍ വെറുതെ വിട്ടില്ല; സിനിമാരംഗത്ത് കാസ്റ്റിംഗ് കൗച്ചിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് നടി

നടി ശ്രീനിതി അടുത്തിടെ നല്‍കിയ അഭിമുഖം സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ചിന്റെ ഭീകരമുഖമാണ് വെളിപ്പെടുത്തിയത്. താന്‍ മാത്രമല്ല തന്റെ അമ്മയും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ താരം ഇത് എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടെന്നും വ്യക്തമാക്കി. ശ്രീനിതിയോട് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാവണമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് തന്റെ ദുരനുഭവം നടി പങ്കുവെച്ചത്.

പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും അപ്പോള്‍ കാസ്റ്റിംഗ് നടത്തിയ ആള്‍ തന്നോട് കുറച്ച് അഡ്ജസ്റ്റ്‌മെന്റൊക്കെ ചെയ്യേണ്ടതായി വരുമെന്ന് പറഞ്ഞുവെന്നും താരം പറഞ്ഞു. എന്നാല്‍ ഈ സമയം തന്റെ അമ്മയും കൂടെ ഉണ്ടായിരുന്നുവെന്നും അവര്‍ കാര്യം അറിയാതെ ഭക്ഷണത്തിന്റെയും റൂമിന്റെയും കാര്യത്തിലൊന്നും വാശി പിടിക്കില്ലെന്നും അഡ്ജസ്റ്റ് ചെയ്ത നില്‍ക്കാം എന്നും പറഞ്ഞുവെന്ന് നടി പറയുന്നു.

എന്നാല്‍, താന്‍ അതല്ല ഉദേശിച്ചത് എന്ന് പറഞ്ഞ് അയാള്‍ നല്ല വേഷങ്ങളില്‍ അഭിനയിക്കാനുള്ള അവസരത്തിന് പകരമായി ലൈംഗികമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് സിനിമാ മേഖലയില്‍ ‘അഡ്ജസ്റ്റ്‌മെന്റ്’ എന്ന് ശ്രീനിതിയുടെ അമ്മയോട് തുറന്നു പറയുകയായിരുന്നു. എന്നാല്‍ ശ്രീനിതിയുടെ അമ്മ, തങ്ങള്‍ അത്തരത്തില്‍ ഉള്ള കുടുംബത്തില്‍ നിന്നും വരുന്നവര്‍ അല്ലെന്ന് പറയുകയാണ് ഉണ്ടായത്.

പക്ഷെ അയാള്‍ വിടാന്‍ കൂട്ടാക്കിയില്ല നടി തന്നെ വേണമെന്ന് ഇല്ലെന്നും അമ്മ ആണെങ്കിലും കുഴപ്പം ഇല്ലെന്നും പറഞ്ഞതായി ശ്രീനിതി അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത് കേട്ട് തന്റെ അമ്മ വല്ലാതെ വിഷമിച്ചെന്നും ആ ചാന്‍സ് വേണ്ട എന്ന് തീരുമാനിച്ചെന്നും താരം പറഞ്ഞു.