ഇസ്രായേല്‍ കൃഷിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന രാജ്യമാണെന്ന് നടന്‍ ശ്രീനിവാസന്‍. പലസ്തീനിന്റെ കാര്യത്തില്‍ ഇസ്രായേലിനെ കുറ്റപ്പെടുത്താമെങ്കിലും കൃഷിയുടെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്ത രാജ്യമാണ് ഇസ്രയേല്‍ എന്നാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്.
എറണാകുളം കണ്ടനാട്ടെ തരിശുഭൂമിയിലെ കൃഷിയെ പ്രോത്സാഹിപ്പിച്ചതിന് നടനെ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇസ്രായേലിലെ കൃഷിയെ കുറിച്ച് ശ്രീനിവാസന്‍ സംസാരിച്ചത്. ”പലസ്തീനിനെ പറ്റിയും അമേരിക്കയെ പറ്റിയും ഇസ്രായേലിനെ പറ്റിയും ഒക്കെ ദിവസവും വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്.”
”എനിക്ക് ബഹുമാനം തോന്നിയ ഒരു കാര്യം, ലോകത്ത് കൃഷി കാര്യങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്ത രാജ്യമാണ് ഇസ്രയേല്‍. ഇസ്രയേലിനെ നമുക്ക് പലസ്തീന്റെ കാര്യത്തില്‍ കുറ്റപ്പെടുത്താം. പക്ഷേ, അവര്‍ മത്സ്യം വളര്‍ത്തുന്ന കാര്യത്തില്‍, കൃഷിയുടെ കാര്യത്തില്‍, ലോകത്ത് എവിടെ നില്‍ക്കുന്നു എന്ന് ഞാന്‍ മനസിലാക്കി.”
Read more
”ഇസ്രയേലില്‍ ഉള്ള ആളുകള്‍ കൃഷിയില്‍ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ മനസിലാക്കാന്‍ നമ്മള്‍ അവിടെ പോവുക തന്നെ വേണം. ഈ കണ്ടനാട് ഭാഗത്ത് നിന്ന് ഒരു സംഘം ഇസ്രായേലില്‍ പോകാന്‍ ശ്രമിക്കണം. ഞാനും കൂടെയുണ്ടാവും” എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. അതേസമയം, അഞ്ച് വര്‍ഷം മുമ്പ് കണ്ടനാട് രണ്ടേക്കര്‍ സ്ഥലത്താണ് ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മ കൃഷിക്ക് തുടക്കം കുറിച്ചത്.







