കട്ടപ്പയ്ക്ക് ശേഷം പ്രതിഫലം മാറി, പാകിസ്ഥാനിൽ ഉള്ളവർ വരെ തിരിച്ചറിയാൻ തുടങ്ങി: സത്യരാജ്

ബാഹുബലി എന്ന ചിത്രത്തിലെ കട്ടപ്പാ എന്ന കഥാപാത്രത്തിലൂടെ ഇന്ത്യൻ സിനിമയിലൊന്നാകെ തിരിച്ചറിയപ്പെട്ട താരമാണ് സത്യരാജ്. ഇന്നും ‘കട്ടപ്പ’ എന്ന പേരിലാണ് പലയിടത്തും സത്യരാജ് അറിയപ്പെടുന്നത്. റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒറ്റ’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സത്യരാജ്.

ഇപ്പോഴിതാ ബാഹുബലി എന്ന സിനിമയ്ക്ക് മുൻപും ശേഷവും തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സത്യരാജ്. ബാഹുബലിക്ക് ശേഷം തന്റെ പ്രതിഫലത്തിൽ കാര്യമായ മാറ്റം സംഭവിച്ചുവെന്നും ഇന്ത്യയൊട്ടാകെ തന്നെ തിരിച്ചറിയുന്നുണ്ടെന്നും സത്യരാജ് പറയുന്നു.

“കട്ടപ്പയ്ക്കുശേഷം എന്റെ പ്രതിഫലം കൂടി എന്നതുതന്നെയാണ് പ്രധാനമാറ്റം. ബാഹുബലിക്ക് മുമ്പും തിരക്കുണ്ടായിരുന്നു. എന്നാൽ, ഇന്ത്യയൊന്നാകെ തിരിച്ചറിഞ്ഞത് കട്ടപ്പയ്ക്ക് ശേഷമാണ്. അതിനുമുമ്പ് തമിഴ്നാട്ടിലും കേരളത്തിലും പിന്നെ കർണാടകയുടെ ഒരുഭാഗത്തും മാത്രമായിരുന്നു എന്നെ അറിയുക. എന്നാൽ, ബാഹുബലി വന്നതോടെ കഥയാകെ മാറി. ഈയിടെ ഞാൻ ഫിജി ദ്വീപിൽ ഒരു സിനിമാ ഷൂട്ടിന് പോയിരുന്നു. അവിടെ എന്നെയാരും തിരിച്ചറിയില്ല എന്നായിരുന്നു എന്റെ ധാരണ.

എന്നാൽ, അതെല്ലാം തെറ്റി. അവിടെ കണ്ടവരെല്ലാം എന്നെ “കട്ടപ്പാ” എന്ന് വിളിച്ചാ യിരുന്നു വരവേറ്റത്. ഒരുദിവസം രാജമൗ ലി എനിക്കൊരു വീഡിയോ അയച്ചു. പാകിസ്താനിൽ നിന്നാണെന്നു തോന്നുന്നു. ബാഹുബലിയിൽ ആരെയാണ് ഇഷ്ടമെന്ന് ആളുകളോട് ചോദിക്കുന്നതാണ് വീഡിയോ. അവിടെയുള്ള എല്ലാവരും ഒറ്റസ്വരത്തിൽ ‘കട്ടപ്പ’ എന്നാണ് മറുപടി നൽകുന്നത്. കട്ടപ്പ എന്ന പേരുതന്നെ വ്യത്യസ്തമാണ്. അതു പോലെ കട്ടപ്പയുടെ വേഷവും സ്റ്റൈലുമെല്ലാം. ഇതൊക്കെയാവും ആളുകൾക്ക് കട്ടപ്പയോട് ഇഷ്ടം തോന്നാനുള്ള കാരണം.” മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സത്യരാജ് കട്ടപ്പയെ കുറിച്ച് മനസുതുറന്നത്.