ഓരോ വീടും ശ്മശാനമാകുമ്പോൾ പതാക ഉയർത്താനാകുമോ? ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമോ?; രാജ്യം കത്തുമ്പോൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനാവില്ലെന്ന് പ്രകാശ് രാജ്

രാജ്യം ഇന്ന് 77 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ആഘോഷങ്ങളിൽ പങ്കുചേരാനാകുന്നില്ലെന്ന് പറയുകയാണ് നടൻ പ്രകാശ് രാജ്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും മണിപ്പൂർ കലാപവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ വിയോജിപ്പ് പറയുന്നത്. രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ കഴിയില്ലെന്ന് പ്രകാശ് രാജ് പറയുന്നു.

ഓരോ വീടും ശ്മശാനമാകുമ്പോൾ, നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ? ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ക്ഷമിക്കണം, എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക എന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം;

ക്ഷമിക്കണം, നിങ്ങളുടെ ആഘോഷങ്ങളിൽ എനിക്ക് പങ്കുചേരാൻ കഴിയില്ല.
വീടുകളിൽ മരിച്ചവരുടെ സംസ്‌കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോൾ,
കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോൾ
എനിക്ക് നിങ്ങളോടൊപ്പം ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ല.

ഓരോ വീടും ശ്മശാനമാകുമ്പോൾ, നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ? ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ക്ഷമിക്കണം, എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക. ക്ഷമിക്കണം, മരിച്ചു കിടക്കുന്ന ഒരാൾക്ക് മാത്രമേ ഒരു കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാൻ സാധിക്കൂ, ഞാൻ മരിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ നിങ്ങളുടെ ആഘോഷത്തിന്റെ ഭാഗമാകില്ല.