'ഇവനാണ് ഞാന്‍ പറഞ്ഞത് ഇവനെ ഇപ്പൊ പിടിച്ചാല്‍ നമുക്ക് കിട്ടും', മൈക്കിള്‍ ജാകസന്റെ പാട്ട് കേട്ട് പ്രിയനോട് സുകുമാരി..: മുകേഷ് പറയുന്നു

അന്തരിച്ച അനശ്വര നടി സുകുമാരിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുകേഷ്. സിനിമയില്‍ എത്തുന്ന പുതുമുഖ താരങ്ങളെ കുറിച്ച് പ്രിയദര്‍ശനോടും സത്യന്‍ അന്തിക്കാടിനോടും സുകുമാരി പറയുന്നതിനെ കുറിച്ചും തുടര്‍ന്ന് നടന്ന രസകരമായ സംഭവങ്ങളെ കുറിച്ചുമാണ് മുകേഷ് പങ്കുവയ്ക്കുന്നത്. മൈക്കിള്‍ ജാക്‌സന്റെ പെര്‍ഫോമന്‍സ് കണ്ട് മലാളത്തിലേക്ക് കൊണ്ടു വരാന്‍ സണ്‍ ടിവിയില്‍ വിളിച്ച് നമ്പറും അഡ്രസും അന്വേഷിച്ചതിനെ കുറിച്ചാണ് മുകേഷ് പറയുന്നത്.

മുകേഷിന്റെ വാക്കുകള്‍:

പ്രിയന്റെയും സത്യന്‍ അന്തിക്കാടിന്റെയുമൊക്കെ പടത്തിന്റെ സെറ്റില്‍ ഇരിക്കുമ്പോള്‍ ചേച്ചിയാണ് തമിഴിലെയും തെലുങ്കിലെയും ന്യൂസ് തരുന്നത്. ചേച്ചി പറയും ‘പ്രിയാ പുതിയൊരു പെണ്‍കുട്ടി വന്നിട്ടുണ്ട് ഇപ്പൊ ബുക്ക് ചെയ്താല്‍ കൊള്ളാം അല്ലെങ്കില്‍ തമിഴന്മാരോ തെലുങ്കന്മാരോ കൊണ്ടുപോകുമേ’ അപ്പോള്‍ ഇവരെല്ലാം ആ പെണ്‍കുട്ടിയെ കുറിച്ചുള്ള കാര്യങ്ങള്‍ എഴുതിയെടുക്കും. ചിലപ്പോള്‍ ചേച്ചി മദ്രാസില്‍ ഒക്കെ ആയിരിക്കുമ്പോള്‍ പലരും വിളിച്ച് ചേച്ചി നമുക്ക് ഒരു ആര്‍ട്ടിസ്റ്റിനെ വേണം എന്ന് പറയും അപ്പോള്‍ ചേച്ചി അവിടെയിരുന്നു വിളിച്ച് അത് അറേഞ്ച് ചെയ്യും. അങ്ങനെ ഒരുപാടുപേരെ കുറിച്ച് ചേച്ചി പറഞ്ഞിട്ടുണ്ട്.

ഒരു ദിവസം ഞങ്ങള്‍ എല്ലാവരുംകൂടി ഇരിക്കുമ്പോള്‍ സുകുമാരി ചേച്ചി വന്നു പറഞ്ഞു, ‘ഒരുത്തന്‍ ഇറങ്ങിയിട്ടുണ്ട് കേട്ടോ.. ഡാന്‍സ് എങ്കില്‍ ഡാന്‍സ്, പാട്ടെങ്കില്‍ പാട്ട് എക്‌സ്പ്രഷന്‍ എങ്കില്‍ എക്‌സ്‌പ്രേഷന്‍, അവിടെ സണ്‍ ടിവിയില്‍ ഞാന്‍ പ്രോഗ്രാം കണ്ടു ഞാന്‍ ഞെട്ടിപ്പോയി. ആളെ കണ്ടിട്ട് തമിഴനോ തെലുങ്കനോ എന്നാണു തോന്നുന്നത് മലയാളി അല്ല. ഞാന്‍ രണ്ടു ഡാന്‍സ് കണ്ടു അന്തംവിട്ടിരുന്നുപോയി, പ്രിയാ ഇപ്പൊ വേണമെങ്കില്‍ ബുക്ക് ചെയ്‌തോ. അവന്‍ പാട്ടും പാടും.’ കേട്ടപ്പോള്‍ ആണുങ്ങള്‍ക്കൊന്നും അത്ര രസിച്ചില്ല ഇവന്‍ വന്നിട്ട് നമ്മുടെ ചാന്‍സ് പോകുമോ എന്ന ഭാവം.

ഇക്കാര്യം വലിയ ചര്‍ച്ചയായി. പ്രിയന്‍ പറഞ്ഞു, ‘ചേച്ചി അടുത്ത സിനിമ ബോംബെയില്‍ ആണ്. ചേച്ചി പറയുന്ന ആള്‍ എന്ന് പറയുമ്പോള്‍ എനിക്ക് ഒന്നും ആലോചിക്കാനില്ല. ചേച്ചി എത്രയും പെട്ടെന്ന് നമ്പര്‍ എടുത്തു തരു’. ചേച്ചി സണ്‍ ടിവിയില്‍ വിളിച്ച് നോക്കി പലയിടത്തും വിളിച്ചിട്ടു ആളെ കിട്ടുന്നില്ല. അപ്പോള്‍ ഷൂട്ടിങ് നടക്കുന്ന വീട്ടിലെ ഒരു മുറിയില്‍ നിന്ന് ഒരു പാട്ടുകേട്ടു. അപ്പൊ ചേച്ചി പറഞ്ഞു ‘അയ്യോ ഇതുപോലെ ഒരു പാട്ടാണല്ലോ ഞാന്‍ കേട്ടത്’ ചേച്ചി ചെന്ന് കതകില്‍ തട്ടി. അപ്പൊ ആ വീട്ടിലെ ഒരു പയ്യന്‍ ടിവിയില്‍ പാട്ടുവച്ച് ഡാന്‍സ് ചെയ്യുകയാണ്. ചേച്ചി പറഞ്ഞു മോനെ ഇയാളുടെ അഡ്രസ്സ് വേണമല്ലോ. അപ്പൊ അവന്‍ പറഞ്ഞു അയ്യോ അഡ്രസ്സ് ഒക്കെ കിട്ടുമോ ഇയാളുടെ പരിപാടി ഭയങ്കര ഹിറ്റാണ്.

ചേച്ചി ഉടനെ ‘പ്രിയാ ഓടി വാടാ’ എന്നുപറഞ്ഞു വിളിച്ചു. ‘ഇവനാണ് ഞാന്‍ പറഞ്ഞത് ഇവനെ ഇപ്പൊ പിടിച്ചാല്‍ നമുക്ക് കിട്ടും’… അപ്പോള്‍ എല്ലാവരും ടിവിയില്‍ നോക്കിയിട്ടു തമ്മില്‍ തമ്മില്‍ നോക്കി ‘ആ ചേച്ചി ഇങ്ങു പോരെ നമ്പര്‍ ഒക്കെ കിട്ടി’ എന്ന് പറഞ്ഞു. ചേച്ചി ചോദിച്ചു നമ്പര്‍ കിട്ടിയോ എങ്ങനെ കിട്ടി ആര് തന്നു? അപ്പോള്‍ ഞാന്‍ പറഞ്ഞു ‘ചേച്ചി അതാണ് മൈക്കിള്‍ ജാക്‌സണ്‍. അത് തമിഴും തെലുങ്കും ഒന്നുമല്ല അത് ലോകോത്തര ആര്‍ട്ടിസ്റ്റാണ്. അയാള്‍ ഒരു പാട്ട് പാടണമെങ്കില്‍ കേരളം എഴുതിക്കൊടുക്കേണ്ടി വരും.’ ‘അത്രക്ക് വലിയ ആളാണോ’ ചേച്ചി ചോദിച്ചു. ഞങ്ങള്‍ക്കൊക്കെ ചിരി വന്നെങ്കിലും ചേച്ചിയുടെ ആ ഉത്സാഹം കണ്ടപ്പോള്‍ സന്തോഷം തോന്നി. അത്തരത്തില്‍ പവിത്രമായ ഒരു കലര്‍പ്പില്ലാത്ത മനസ്സാണ്. ഇത്രയും അബദ്ധം പറ്റിയിട്ടും ജാള്യതയോന്നും ഇല്ലാതെ പിറ്റേ ദിവസം പുതിയൊരു ആളുമായി വരും അതാണ് ചേച്ചിയുടെ പ്രത്യേകത.

സുകുമാരി ചേച്ചിയുടെ നിഷ്‌കളങ്കത വിളിച്ചോതുന്ന ഒരു കഥകൂടിയുണ്ട്. എറണാകുളത്തുനിന്ന് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് പോവുകയാണ്. എറണാകുളത്തെ സിനിമയില്‍ ഞാനും ചേച്ചിയും അമ്മയും മകനുമാണ് തിരുവനന്തപുരത്തും അമ്മയും മകനും തന്നെ. പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞു നിങ്ങള്‍ രണ്ടുപേരും ഒരുമിച്ചു പോകൂ. അങ്ങനെ ഞങ്ങള്‍ യാത്ര തിരിച്ചു. ചേച്ചി കാറിന്റെ ബാക്കില്‍ കിടന്നുഉറങ്ങുന്നു ഞാന്‍ മുന്നില്‍ ഇരിക്കുന്നു. ചേച്ചി പുറത്തോട്ടു നോക്കി ഇരുന്നു ആലപ്പുഴ കഴിഞ്ഞപ്പോള്‍ ചേച്ചി സംസാരം തുടങ്ങി

‘ചെന്നൈയില്‍ ഉള്ള ആളുകള്‍ പാവങ്ങളാണ്. മലയാളികള്‍ക്കാണെങ്കില്‍ ബുദ്ധി കൂടിയിട്ട് എന്ത് ചെയ്യണം എന്ന് അറിയില്ല.’ ഞാന്‍ ചോദിച്ചു, ‘ചേച്ചി എന്താ ഇങ്ങനെ പറയുന്നേ’

‘എടാ നമ്മള്‍ ഓരോ കാര്യങ്ങള്‍ വച്ചല്ലേ തീരുമാനം എടുക്കുന്നെ. മലയാളികള്‍ക്ക് കളിയാക്കാന്‍ വലിയ താല്‍പര്യമാണ്. നിറം വച്ചും ബോഡി ഷേപ്പ് വച്ചുമൊക്കെ കളിയാക്കുന്നത് എനിക്കിഷ്ടമല്ല. തമിഴില്‍ ഇങ്ങനെയൊന്നും ഇല്ല കറുത്തിരുന്നാലും ഉയരം കുറഞ്ഞാലും കാണാന്‍ മോശമായാലും അഭിനയം നന്നായാല്‍ പിന്നെ ഒരു കുഴപ്പവുമില്ല.’

ഞാന്‍ പറഞ്ഞു, ‘ചേച്ചി കാര്യത്തിലോട്ടു വാ എന്താ ഇപ്പൊ ഇങ്ങനെ പറയാന്‍ കാരണം? ‘

‘എടാ ഏതോ ഒരു പാവപ്പെട്ട മനുഷ്യന്‍ ഇലക്ഷന് നില്‍ക്കുന്നു, അയാള്‍ കുറച്ച് തടിച്ച പ്രകൃതമാണ്. ഈ മതിലുകളില്‍ ഒക്കെ ഇയാളെ കളിയാക്കാന്‍ എഴുതി വച്ചിരിക്കുന്നു. എന്ത് പൈസ കൊടുത്തു മെനക്കെട്ടാണ് എഴുതി വച്ചിരിക്കുന്നത് പാവം മനുഷ്യന്‍ അയാള്‍ക്ക് എന്ത് വിഷമമായിരിക്കും?’.

അപ്പോള്‍ ഞാന്‍ ചോദിച്ചു, ‘എവിടെ എഴുതി വച്ചിരിക്കുന്നു?’

ചേച്ചി പറഞ്ഞു, ‘നീ പുറത്തോട്ടു നോക്ക് എഴുതിയേക്കുന്ന കണ്ടോ ‘തടിച്ച പ്രഭാകരന് വോട്ട് ചെയുക’ അങ്ങനെ പറയാന്‍ പാടുണ്ടോ മുകേഷേ. ഞാന്‍ ബാനറില്‍ നോക്കി എന്നിട്ട് ഒന്ന് ചിരിച്ചു അപ്പൊ ചേച്ചി ‘ആ നീയും കളിയാക്കുവാ എനിക്കറിയാം’. ഞാന്‍ പറഞ്ഞു ‘ചേച്ചി അതല്ല, അത് വലിയൊരു നേതാവാണ്. തടിച്ച പ്രഭാകരനല്ല തച്ചടി പ്രഭാകരനാണ്, കോണ്‍ഗ്രസിന്റെ വലിയ നേതാവാണ്. അദ്ദേഹം സ്ഥിരമായി ഇവിടെ ജയിക്കുന്ന ആളാണ്. തടിച്ച എന്നല്ല തച്ചടി എന്നാണ് എഴുതിയിരിക്കുന്നത്’.

അപ്പൊ ചേച്ചി ഒന്നും മിണ്ടിയില്ല കുറച്ചു കഴിഞ്ഞു പറഞ്ഞു ‘ഓ നിനക്ക് നാളത്തേക്കും മറ്റന്നാളത്തേക്കും ആയല്ലോ’. വര്‍ഷങ്ങള്‍ക്ക് ശേഷം തച്ചടി പ്രഭാകരന്റെ മകന്‍ ബിജു പ്രഭാകരന്‍ കലക്ടര്‍ ആയി ഇപ്പൊ വലിയ പോസ്റ്റില്‍ ഇരിക്കുകയാണ്. ഞാന്‍ ഇത് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഒരുപാടു ചിരിച്ചു. സുകുമാരി ചേച്ചി നമ്മെ വിട്ടുപോയെങ്കിലും ചേച്ചിയുടെ തമാശയും സാമീപ്യവും സേവനമനസ്ഥിതിയും മലയാളികള്‍ ഒരിക്കലും മറക്കില്ല.