മോനേ സഞ്ജു, നിന്റെ മനസിന്റെ 'താപ'മാണോടാ ഇന്ത്യയുടെ ദയനീയാവസ്ഥ? മലയാളി ആയതിന്റെ പേരില്‍ നീ അവഗണിക്കപ്പെട്ടു: മനോജ് കുമാര്‍

ഇന്ത്യയെ വീഴ്ത്തി തങ്ങളുടെ ആറാം ലോകകപ്പ് കിരീടം ചൂടിയിരിക്കുകയാണ് ഓസ്ട്രേലിയ. ഇന്ത്യന്‍ ടീമിന്റെ പരാജയം ഏറെ നിരാശയാണ് കായിപ്രേമികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ നടന്‍ മനോജ് കുമാര്‍ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സഞ്ജു സാംസണിനെ പരാമര്‍ശിച്ചു കൊണ്ടാണ് മനോജിന്റെ പോസ്റ്റ്.

”മോനേ സഞ്ജു….. നിന്റെ മനസ്സിന്റെ ‘താപ’മാണോടാ ഈ വേള്‍ഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ…. ?? വെറുതെ ചിന്തിച്ച് പോവുന്നു…. എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി ‘മരിക്കാന്‍’ തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ… സാരമില്ല…. അടുത്ത World cup നിന്റെയും കൂടിയാവട്ടേ” എന്നാണ് മനോജ് കുമാര്‍ കുറിച്ചിരിക്കുന്നത്.

Manoj Kumar facebook post about world cup India vs Australia nrn

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യ മുന്നോട്ടുവെച്ച 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ വിജയശില്പി. ഹെഡ് 120 ബോളില്‍ 4 സിക്സിന്റെയും 15 ഫോറിന്റെയും അകമ്പടിയില്‍ 137 റണ്‍സ് എടുത്തു. മാര്‍ണസ് ലബുഷെയ്ന്‍ അര്‍ദ്ധ സെഞ്ച്വറി നേടി 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഡേവിഡ് വാര്‍ണര്‍ 7, മിച്ചെല്‍ മാര്‍ഷ് 15, സ്റ്റീവ് സ്മിത്ത് 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ടും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഒരോ വിക്കറ്റു വീതവും വീഴ്ത്തി. കെ.എല്‍ രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 66 റണ്‍സ് ആയിരുന്നു രാഹുല്‍ നേടിയത്. വിരാട് കോഹ്‌ലി 54 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റനായ രോഹിത് ശര്‍മ നേടിയത് 47 റണ്‍സ് ആയിരുന്നു.