സേതുമാധവൻ കീരിക്കാടനെ തോൽപ്പിക്കാൻ ഒരു കാരണമുണ്ട് കിരീടം മലയാളത്തിലെ മികച്ച സ്റ്റണ്ട് ക്ലൈമാക്സ്: കുഞ്ചാക്കോ ബോബൻ

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ സിനിമയാണ് ‘കിരീടം’. ലോഹിതദാസ് ആയിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയത്. ഇറങ്ങിയ കാലം തൊട്ട് ഇന്നുവരെ കിരീടം മലയാളത്തിലെ മികച്ച സിനിമകളുടെ കൂട്ടത്തിലുണ്ട്. സേതുമാധവൻ ഇന്നും മലയാള സിനിമ പ്രേക്ഷകർക്ക് ഒരു നോവാണ്.

ഇപ്പോഴിതാ  മലയാളത്തിലെ മികച്ച സ്റ്റണ്ട് ക്ലൈമാക്സുകളിലൊന്നാണ് കിരീടത്തിലെതെന്ന് പറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. “യഥാർത്ഥ ജീവിതത്തിൽ നോക്കുമ്പോൾ കീരിക്കാടനെ പോലെയൊരാളെ സേതുമാധവന് തോൽപ്പിക്കാൻ കഴിയില്ല. കാരണം കീരിക്കാടന്റെ പശ്ചാത്തലം അങ്ങനെയാണ്. എന്നാൽ സേതു അങ്ങനെയല്ല.”

”അയാൾ ആൾക്കാരെ ദ്രോഹിക്കുന്ന ഒരാളല്ല. എന്നാൽ സേതുമാധവന്റെ ഓരോ ഇടിയും അത്രയ്ക്കും ഇംപാക്റ്റ് തോന്നണമെങ്കിൽ അതിനെ ബാലൻസ് ചെയ്യാനുള്ള സ്ട്രോങ്ങായ ഒരു ഇമോഷണൽ ബാക്കിങ്ങുണ്ട്. അതുകൊണ്ടാണ് സേതുമാധവൻ കീരിക്കാടനെ തോൽപ്പിക്കണം എന്ന് പ്രേക്ഷകർക്ക് തോന്നുന്നത്.” തന്റെ പുതിയ സിനിമയായ ചാവേറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലാണ് കുഞ്ചാക്കോ ബോബൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ചാവേർ’. ജോയ് മാത്യു തിരക്കഥയെഴുതുന്ന ചിത്രത്തിന് ജസ്റ്റിൻ വർഗീസാണ് സംഗീതം നൽകുന്നത്. ചിത്രം ഒക്ടോബർ 5 ന് തിയേറ്ററുകളിൽ എത്തും.