എന്തുകൊണ്ടാണ് പട്ടിയോട് ഉപമിച്ചത് എന്ന് ഇനി രഞ്ജിത്തിനെ കാണുമ്പോള്‍ ചോദിക്കാം; വിവാദ പരാമര്‍ശത്തോട് നടന്‍ ബൈജു

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് നടന്‍ ബൈജു. ഐഎഫ്എഫ്കെ സമാപന സമ്മേളന വേദിയില്‍ കൂവി പ്രതിഷേധിച്ചവരെ രഞ്ജിത്ത് നായ്ക്കളോട് ഉപമിച്ച സംഭവത്തിലാണ് ബൈജു പ്രതികരിച്ചത്. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് കാണുമ്പോള്‍ ചോദിക്കണം എന്നാണ് ബൈജു പറയുന്നത്.

അറിവില്ലായ്മ കൊണ്ട് കുരയ്ക്കുന്ന പട്ടികളെ പുറത്താക്കാനാകില്ലെന്ന് രഞ്ജിത്ത് പറഞ്ഞത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ”രഞ്ജിത്ത് പറഞ്ഞത് കേട്ടിട്ടില്ല. രഞ്ജിത്ത് പുള്ളിയുടെ അഭിപ്രായം മാത്രമാണ് പറഞ്ഞത്, ഇനി രഞ്ജിത്തിനെ കാണുമ്പോള്‍ എന്തുകൊണ്ടാണ് പട്ടിയോട് ഉപമിച്ചത് എന്ന് ചോദിക്കാം” എന്നാണ് ബൈജു പറയുന്നത്.

‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് രഞ്ജിത്തിന് നേരെ പ്രതിഷേധിക്കാന്‍ കാണികളെ പ്രേരിപ്പിച്ചത്. സംഘാടനത്തിലെ പോരായ്മകളിലും രഞ്ജിത്തിന്റെ പെരുമാറ്റത്തിലും പ്രതിഷേധിച്ചാണ് ഒരു വിഭാഗം ആളുകള്‍ കൂവിയത്.

ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് പ്രതിഷേധക്കാരെ രഞ്ജിത്ത് നായ്ക്കളോട് ഉപമിച്ചത്. തന്റെ വയനാട്ടിലെ വീട്ടില്‍ പട്ടികളെ വളര്‍ത്തുന്നുണ്ടെന്നും വല്ലപ്പോഴും മാത്രം അവിടെ ചെല്ലുന്ന തന്നെ സ്വന്തം പട്ടികള്‍ ആളെ അറിയാതെ കുരയ്ക്കാറുണ്ടെന്നുമായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.