'കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് ജനങ്ങളുടെ സ്നേഹത്തിന് വേണ്ടി, ആരുടെയും ജീവൻ അപകടത്തിലാക്കാൻ അല്ല'; കരൂർ ദുരന്തത്തിൽ വിജയ് മാത്രമല്ല ഉത്തരവാദിയെന്ന് നടൻ അജിത്ത്

കരൂർ ദുരന്തത്തിൽ വിജയ് മാത്രമല്ല ഉത്തരവാദിയെന്ന് നടൻ അജിത് കുമാർ. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജിത്ത് ഇക്കാര്യം പറഞ്ഞത്. കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് ജനങ്ങളുടെ സ്നേഹത്തിന് വേണ്ടിയാണെന്നും ആരുടെയും ജീവൻ അപകടത്തിലാക്കാൻ അല്ലെന്നും അജിത്ത് കൂട്ടിച്ചേർത്തു.

വിജയ് മാത്രമല്ല സംഭവത്തിന് ഉത്തരവാദി എന്നും ജനകൂട്ടത്തെ ഉപയോഗിക്കുന്ന പ്രവണത മാറണമെന്നുമാണ് അജിത്ത് പറഞ്ഞത്. വലിയ ജനക്കൂട്ടത്തെ പ്രോൽസാഹിപ്പിക്കുന്ന പ്രവണത മാധ്യമങ്ങളും അവസാനിപ്പിക്കണമെന്നും ഇതൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നതല്ലെന്നും അജിത്ത് കൂട്ടിച്ചേർത്തു. സെലിബ്രിറ്റികൾക്കും സിനിമാ താരങ്ങൾക്കും മാത്രം ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നും അജിത്ത് ചോദിക്കുന്നു.

അജിത്തിന്റെ വാക്കുകൾ

‘ആരേയും താഴ്ത്തിക്കെട്ടാനല്ല ഞാൻ ഇത് പറയുന്നത്. പക്ഷേ കരൂർ ദുരന്തത്തിന് പിന്നാലെ പലതും തമിഴ്‌നാട്ടിൽ നടക്കുന്നുണ്ട്. ആ വ്യക്‌തി(വിജയ്) മാത്രമല്ല ഇതിന്റെ ഉത്തരവാദി. സംഭവത്തിൽ നമുക്ക് എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. മാധ്യമങ്ങൾക്കും പങ്കുണ്ട്. സ്വാധീനം തെളിയിക്കാൻ ആൾക്കൂട്ടത്തെ ഉപയോഗിക്കുന്നവരായി സമൂഹം മാറി. ഈ രീതി ഇത് അവസാനിക്കണം. താരങ്ങൾക്ക് ആരാധകരുടെ സ്നേഹം വേണം. സിനിമക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതും രാത്രിയിൽ ഷൂട്ട് ചെയ്യുന്നതും കുടുംബത്തിൽ നിന്നും വേർപെട്ടിരിക്കുന്നതുമെല്ലാം ജനങ്ങളുടെ സ്നേഹത്തിനായാണ്. ജനകൂട്ടങ്ങളെ പ്രോൽസാഹിപ്പിക്കുന്ന പ്രവണത മാധ്യമങ്ങളും അവസാനിപ്പിക്കണം. സിനിമാ താരങ്ങൾ വരുന്നിടത്തു മാത്രം എങ്ങനെ അപകടം ഉണ്ടാകുന്നു. ക്രിക്കറ്റ് കാണാൻ പോകുന്ന ജനങ്ങളെ കണ്ടിട്ടില്ലേ. അവിടെ ഇതൊന്നും സംഭവിക്കുന്നില്ലല്ലോ. എന്തുകൊണ്ടാണ് തിയറ്ററുകളിൽ മാത്രം ഇത് കാണുന്നത്. സെലിബ്രിറ്റികൾക്കും സിനിമാ താരങ്ങൾക്കും മാത്രം ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്? ഇത് സിനിമാ മേഖലയെ ആകെ മോശം നിലയിലാക്കി കാണിക്കുന്നു. ഇതൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നതല്ല.’

Read more