ഇതുവരെയുള്ള എല്ലാ കലിപ്പും മൂന്നു തവണ എന്നെ അടിച്ച് ദര്‍ശന തീര്‍ത്തു, പതുക്കെ അടിച്ചാല്‍ മതിയെന്ന് വിനീതേട്ടന്‍ പറഞ്ഞിരുന്നു: അഭിഷേക് ജോസഫ്

ഹൃദയം ചിത്രത്തില്‍ കേദാര്‍ നരേഷ് എന്ന കഥാപാത്രമായി എത്തിയ താരമാണ് അഭിഷേക് ജോസഫ്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം കൈയ്യടി നേടിയിരുന്നു. കേദാര്‍ മികച്ചതായിട്ടുണ്ടെങ്കില്‍ അതിന് കാരണം വിനീതേട്ടനാണ് എന്നാണ് അഭിഷേക് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തമിഴിലൂടെ താന്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ തന്നെ അമ്മ പറഞ്ഞിരുന്നു വിനീതിനൊപ്പം ജോലി ചെയ്യണമെന്ന്. അമ്മയുടെ ആഗ്രഹം കൂടിയാണ് ഹൃദയത്തിലൂടെ യാഥാര്‍ത്ഥ്യമായത്. ആറു വര്‍ഷമായി താന്‍ വിനീതേട്ടനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.

അമ്മ വിനീതിനൊപ്പം ജോലി ചെയ്യണമെന്ന് പറഞ്ഞപ്പോഴും അത് എങ്ങനെ സാധ്യമാവുമെന്ന് അറിയില്ലായിരുന്നു. ഹൃദയത്തിലേക്ക് തിരഞ്ഞെടുത്തുവെന്ന് വിശ്വസിക്കാന്‍ മൂന്ന് ദിവസമെടുത്തു. നീ ഈ കഥാപാത്രം നന്നായി ചെയ്യുമെന്ന് പറഞ്ഞാണ് വിശാഖ് നായര്‍ തന്നെ വിളിച്ചത്.

വിനീതിനെ കണ്ടത് അവസാനഘട്ട ഓഡിഷനിലാണ്. തന്റെ പേര് വിളിച്ചാണ് വിനീതേട്ടന്‍ സംസാരിച്ചത്. കേദാര്‍ മികച്ചതായിട്ടുണ്ടെങ്കില്‍ അതിന് കാരണം വിനീതേട്ടനാണ്. കുറച്ചൊരു ഷൈ പേഴ്സണാണ് താന്‍. സിനിമയിലൊക്കെ അഭിനയിച്ച് തുടങ്ങിയതിന് ശേഷമായാണ് ചമ്മലൊക്കെ മാറിയത്.

ദര്‍ശനയെ 10 വര്‍ഷത്തോളമായി അറിയാം. താനായിരുന്നു ദര്‍ശനയുടെ സ്റ്റേജ് പെര്‍ഫോമന്‍സിലെ ആദ്യ നായകന്‍. താന്‍ പ്രാങ്കൊക്കെ ചെയ്യുമായിരുന്നു. ഇതുവരെയുള്ള എല്ലാ കലിപ്പുമാണ് ആ അടിയിലൂടെ ദര്‍ശന തീര്‍ത്തത്. മൂന്ന് തവണ് അടി കിട്ടി.

‘ദര്‍ശനാ, പതുക്കെ അടിച്ചാല്‍ മതി’ എന്ന് വിനീതേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രണവ് തന്നെ അടിക്കുന്ന രംഗത്ത് തൊട്ടത് പോലുമില്ല. സിംപിളായ മനുഷ്യനാണ് പ്രണവ് എന്നാണ് അഭിഷേക് പറയുന്നത്. ജനുവരി 21ന് റിലീസ് ചെയ്ത ഹൃദയം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.