'പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി '; മമ്മൂട്ടിയോട് ഷറഫുദ്ദീന്‍

ഷറഫുദ്ദീന്‍ നായകനായ ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുവെന്നത് ആരാധകരെ വലിയ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഭാഗമായതിന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഷറഫുദ്ദീന്‍. ‘പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി’ എന്നാണ് ഷറഫുദ്ദീന്‍ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്.

 

സിനിമയില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. നടന്‍ മമ്മൂട്ടി ആയി തന്നെയാണ് താരം സിനിമയില്‍ എത്തുന്നത്. ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്നറായി എത്തുന്ന ചിത്രം ഷറഫുദ്ദീന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ്.

മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും ഓടി നടക്കുന്നതിനാല്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാകാത്തയാളാണ് ചിത്രത്തില്‍ ഷറഫുദ്ദീന്റെ കഥാപാത്രം. ‘കെയര്‍ ഓഫ് സൈറ ബാനു’വിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയന്‍ ഓട്ടത്തിലാണ്’.

നൈല ഉഷ, അപര്‍ണ ദാസ്, അനാര്‍ക്കലി മരക്കാര്‍, ബിജു സോപാനം, ജാഫര്‍ ഇടുക്കി, സ്മിനു സിജു തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. സന്തോഷ് തൃവിക്രമന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.